'സുധാകരനും സതീശനും ക്യാപ്റ്റന്മാർ, പാർട്ടിക്കായി മുതിർന്ന നേതാക്കൾ ഇറങ്ങണം'; പി ജെ കുര്യൻ

'മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള പലരും കോൺഗ്രസിൽ ഉണ്ട്'

dot image

തിരുവനന്തപുരം: വരുന്ന തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിലെ മുതിർന്ന നേതാക്കൾ സജീവമാകണമെന്ന് മുതിർന്ന നേതാവ് പി ജെ കുര്യൻ റിപ്പോർട്ടറിനോട്. മുതിർന്ന നേതാക്കൾ സ്ഥാനം ചോദിക്കരുത്. പാർട്ടിയാണ് അവർക്ക് സ്ഥാനങ്ങൾ നൽകിയത്. മുൻ കെ പി സി സി പ്രസിഡൻ്റുമാർ ഇനി തങ്ങൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ല എന്ന് പറയരുത്. എ ഐ സി സി നേതൃത്വത്തിനും ഇതേ നിലപാടാണുളളതെന്നും പി ജെ കുര്യൻ വ്യക്തമാക്കി.

മുതിർന്ന നേതാക്കൾ എല്ലാറ്റിൽ നിന്നും മാറി നിൽക്കുന്നത് ശെരിയല്ല. പാർട്ടിക്കായി മുതിർന്ന നേതാക്കൾ സജീവമാകണം. ഇക്കാര്യങ്ങൾ താൻ എ ഐ സി സി നേതൃത്വത്തോട് സംസാരിച്ചുവെന്നും പി ജെ കുര്യൻ പറഞ്ഞു. നേതൃത്വത്തിനോട് സംസാരിച്ചതിൻ്റെ വിശദാംശങ്ങൾ താൻ വെളിപ്പെടുത്തില്ല. എ ഐ സി സി നേതൃത്വം നൽകിയ മറുപടിയും താൻ പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുൻകാല നേതാക്കളെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനർത്ഥം അവർ മൽസരിക്കണം എന്നല്ല. പാർട്ടിയുടെ ജയത്തിനായി മുതിർന്ന നേതാക്കൾ പ്രവർത്തിക്കണം. സുധാകരനും സതീശനുമാണ് പാർട്ടിയുടെ ക്യാപ്റ്റന്മാർ.


മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരും അവരുടെ നേതൃത്വത്തെ അംഗീകരിക്കണം. അവരുടെ മുകളിൽ ഒരു നേതാവും കേരളത്തിൽ ഇല്ല. സംഘടനാപരമായി കെപിസിസി പ്രസിഡൻ്റ് ഒന്നാമത്തെ നേതാവാണ്. രണ്ടാമത്തേത് പ്രതിപക്ഷ നേതാവ് ആണ്. അവർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോറ്റാൽ അത് കോൺഗ്രസിന് നെഗറ്റീവാകും. മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള പലരും കോൺഗ്രസിൽ ഉണ്ട്. അത് പാർട്ടിക്ക് ഗുണമാണെന്നും പി ജെ കുര്യൻ കൂട്ടിച്ചേർത്തു.

Content Highlights: PJ Kurien Wants Senior Leaders Must Active for Party

dot image
To advertise here,contact us
dot image