
മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. രാധയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ചു. കുടുംബം തകർന്ന നിലയിലാണ്. വീടിന്‍റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായം എത്രയും പെട്ടന്ന് ചെയ്തു നൽകുമെന്ന് കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അരമണിക്കൂറോളം പ്രിയങ്ക ഗാന്ധി കുടുംബത്തോടൊപ്പം ചെലവഴിച്ചു. വന്യജീവി പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ശ്രമിക്കും എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഫെൻസിങ് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിക്കാൻ ശ്രമിക്കും. പരിഹാരപദ്ധതികൾ നടപ്പിലാക്കും എന്നും പ്രിയങ്ക വയനാട് എം പി ഉറപ്പ് നൽകി. പദ്ധതികൾ നടപ്പിലാക്കാൻ ഫണ്ടുകളുടെ അപര്യാപ്തതയുണ്ട്. പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രവും സംസ്ഥാനവും ഫണ്ടുകൾ അനുവദിക്കണം എന്നും എംപി പറഞ്ഞു.
1972 ലെ വനനിയമത്തിലെ ആശങ്കകൾ മനസ്സിലാക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കും. കേന്ദ്രവും കേരളവും ഒരുപോലെ ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കർഷകർ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയമാണ്. നിരവധിപേർ വന്യജീവി ആക്രമണം നേരിടുന്നു. വന്യജീവി സംഘർഷം സങ്കീർണ്ണമായ പ്രശ്നമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയായിരുന്നു രാധ. കാപ്പിക്കുരു പറിക്കുന്നതിനായി എസ്റ്റേറ്റിലെത്തിയ രാധയെ കടുവ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. രാധയുടെ കഴുത്തിൽ കടിച്ചുവലിച്ച കടുവ 100 മീറ്ററോളം വലിച്ചിഴച്ചിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനെതിരെയും പ്രതിഷേധമുയർന്നു.
ഇതിന് പിന്നാലെ രാധയുടെ കുടുംബത്തിൽ ഒരാൾക്ക് താത്ക്കാലിക ജോലി നൽകുമെന്ന പ്രഖ്യാപനവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. ജനരോഷം അലയടിച്ചതോടെ കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. ചീഫ് വൈൽഡ് വാർഡൻ കടുവയെ കൊല്ലാൻ ഉത്തരവിറക്കി.കടുവ പഞ്ചാരക്കൊല്ലിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്നതായി വ്യക്തമായതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും കർഫ്യൂവും പ്രഖ്യാപിച്ചു. പൊലീസ് വനംവകുപ്പ് ചീഫ് വെറ്റിറനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കടുവയ്ക്കായി വനംവകുപ്പും പൊലീസും വലവിരിച്ച് കാത്തിരിക്കെ തിങ്കളാഴ്ച രാവിലെ വയനാട് പിലാക്കലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയ നരഭോജി കടുവയുടെ കഴുത്തിനേറ്റ പരിക്കായിരുന്നു മരണകാരണമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ കടുവയുടെ വയറ്റില്‍ നിന്ന് രാധയുടെ ശരീരാവശിഷ്ടങ്ങളും കമ്മലും സാരിയുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു.
Content Highlights : priyanka Gandhi Visits Radha's Family