
തൃശൂർ: ഡീസോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കെ എസ് യു പ്രവർത്തകരുമായി പോയ ആംബുലൻസിനെ ആക്രമിച്ചത് തങ്ങളല്ലെന്ന് എസ് എഫ് ഐ. ആംബുലൻസിന് നേരെ കല്ലെറിഞ്ഞതിൽ എസ് എഫ് ഐക്ക് പങ്കില്ല. ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആക്രമണം നടന്നിട്ടില്ലെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ റിപ്പോർട്ടറിനോട് പറഞ്ഞു.
മറ്റാരെങ്കിലും അക്രമം നടത്തിയോ എന്നറിയില്ല. പൊലീസ് അന്വേഷിക്കട്ടെ എന്നും ജിഷ്ണു പറഞ്ഞു. ആംബുലൻസിന് മുമ്പിൽ കാർ നിർത്തിയ ശേഷം കല്ലെറിയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കല്ലേറിൽ ആംബുലൻസിൻ്റെ ചില്ലുകൾ തകർന്നു. സംഘർഷത്തിൽ പരിക്കേറ്റ കെ എസ് യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും സംഘവുമായിരുന്നു ആംബുലൻസിലുണ്ടായിരുന്നത്.
മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെ എസ് യു - എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.
എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെ എസ് യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്. കെ എസ് യു നേതാക്കൾ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.
Content Highlights: SFI Said They dont Attack Ambulance KSU-SFI Clash in Dzone Thrissur