
കാഞ്ഞങ്ങാട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകി സംഭവത്തിൽ പ്രതി അറസ്റ്റിൽ. കളനാട് ബാലഗോപാല ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കിഷോർ കുമാറാണ് അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ജനുവരി ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റാൻ കിഷോറിന്റെ സുഹൃത്ത് വിനോദ് 500 ൻ്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കണ്ടെത്തിയ കടയുടമ വിനോദിൻ്റെ പേരിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
വിനോദും കിഷോർ കുമാറും ഉൾപ്പെട്ട സംഘം ശബരിമലയിൽ പോയി തിരിച്ചുവന്നശേഷമാണ് മൊബൈൽ കടയിൽ നോട്ട് നൽകിയത്. ഇത് മനസ്സിലാക്കിയ പൊലീസ് സംഘം വിനോദിനൊപ്പം ശബരിമലയ്ക്ക് പോയവരെക്കുറിച്ച് അന്വേഷണം നടത്തി.ഇതിനിടെയാണ് കിഷോർ കുമാറിനെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിക്കുന്നത്. നാലുമാസം മുമ്പ് മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് ചെർക്കളയിൽനിന്ന് 500ൻ്റെ നാനൂറിലേറെ കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിയന്ത്രവും പിടികൂടിയ കേസിൽ കിഷോർ കുമാർ നേരത്തെ അറസ്റ്റിലായിരുന്നു.
ശബരിമല ദർശനത്തിനിടെ പമ്പയിൽ ഇവർ താമസിച്ച സ്ഥലങ്ങൾ പൊലീസ് പരിശോധിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കിഷോർ കുമാർ വിനോദിൻ്റെ ഇരുമുടിക്കെട്ടിൽ താൻ കള്ളനോട്ട് തിരുകിയെന്ന് സമ്മതിക്കുകയുമായിരുന്നു. വിനോദിൻ്റെ ഇരുമുടിക്കെട്ടിലുണ്ടായിരുന്ന 10,000 രൂപയുടെ കെട്ടിൽ ഏഴ് 500ൻ്റെ കള്ളനോട്ടുകൾ തിരുകി ഒറിജിനൽ എടുത്തുവെന്നും പൊലീസിനോട് പറഞ്ഞു. കിഷോറിന്റെ വീട്ടിലും വിനോദിൻ്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കിഷോർ കുമാറിൻ്റെ വീട്ടിലെ കക്കൂസ് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോൾ ടാങ്കിൽ ദ്രവിച്ച് തുടങ്ങിയ പ്രിന്റിങ് മെഷീന്റെ ഭാഗങ്ങൾ കണ്ടെടുത്തു.
Content Highlight : Suspect who inserted fake currency in passenger's coat arrested