
പാലക്കാട്: മലമ്പുഴയിൽ കടുവ പശുവിനെ ആക്രമിച്ചുകൊന്നതായി നാട്ടുകാർ. ചേമ്പനയിലാണ് കടുവ ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. ചേമ്പന സ്വദേശി സുധർമ്മയുടെ പശുവിനെ കൊന്നു. കഴിഞ്ഞദിവസം മേയാൻ വിട്ട പശുവിനെ കാണാതായതോടെ പരിശോധന നടത്തുകയും ചത്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു. പശുവിന് സമീപത്ത് വലിയ കാൽപ്പാടുകൾ കണ്ടെത്തി. ഇത് കടുവയുടേതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതേസമയം, മൂന്നാറിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തോട്ടം തൊഴിലാളിയാണ് പുലിയെ നേരിൽ കണ്ടത്. മൂന്നാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപമാണ് പുലിയെ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് വിശദമായ പരിശോധന നടത്തുകയാണ്.
ഇരുപത് പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കുള്ളത്. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. പുലിയെ കണ്ട ഭാഗം ജനവാസമില്ലാത്ത പ്രദേശമാണ്. കൊളുന്ത് നുള്ളാൻ മാത്രമായി തൊഴിലാളികൾ എത്തുന്ന ഇടമാണിവിടം. വരും ദിവസങ്ങളിലും പരിശോധന തുടരും.
Content Highlights: tiger attack at malambuzha