നെല്ലാണോ മദ്യമാണോ പാലക്കാട്ടെ നെല്‍വയലുകളില്‍ ഉല്‍പാദിപ്പിക്കേണ്ടത്?ബ്രൂവറിക്കെതിരെ സിപിഐ മുഖപത്രത്തില്‍ ലേഖനം

ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല

dot image

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരെ സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. 'മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം' എന്ന തലക്കെട്ടില്‍ സത്യന്‍ മൊകേരി എഴുതിയ ലേഖനത്തിലാണ് പാലക്കാട് ബ്രൂവറി നടപ്പിലാക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടികാട്ടുന്നത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉല്‍പ്പാദിപ്പിക്കേണ്ടതെന്ന ചോദ്യം സിപിഐ മുന്നോട്ട് വെക്കുന്നു.

'ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരള്‍ച്ചയായിരിക്കും. പാലക്കാട്ടെ നെല്‍വയലുകള്‍ വരണ്ടുണങ്ങി മരുഭൂമിയാകുന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. ഇതിനിടെയാണ് എലപ്പുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ മദ്യ വ്യവസായത്തിനായി ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പ്രഥമിക അനുമതി നല്‍കിയിരിക്കുന്നത്', ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു.

മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉല്‍പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയരുന്നു. മദ്യവ്യവസായത്തിന് എവിടെ നിന്നാണ് ജലം ലഭിക്കുക? നിലവിലുള്ള കൃഷി സംരക്ഷിക്കലല്ലേ പ്രധാനം എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മദ്യ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതിലൂടെ കാര്‍ഷികമേഖലയാകെ തന്നെ സ്തംഭനത്തിലാകുന്ന ഗുരുതരമായ സാഹചര്യമാണ് ഉണ്ടാവുക. എലപ്പുള്ളി പ്രദേശം ചിറ്റൂര്‍ മേഖലയിലാണ്. സംസ്ഥാനത്ത് ഭൂഗര്‍ഭജലം ഏറ്റവും കുറഞ്ഞ മേഖലയാണ് ഇത്. മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്ക് ലഭിക്കേണ്ട വെള്ളം മദ്യനിര്‍മ്മാണ കമ്പനിക്ക് വിട്ടുനല്‍കിയാല്‍ നെല്‍കൃഷി മേഖലയാകെ ഇല്ലാതാകും' എന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാകണമെന്നും ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു.

Content Highlights: CPI Leader Sathyan Mokeri Article against Brewery Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us