തൃശൂര്‍: മാളയില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിലെ കെഎസ്യു- എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെഎസ്യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍. സഹപ്രവര്‍ത്തകരുടെ ചോര പൊടിയുന്നത് കണ്ടുകൊണ്ട് പ്രതിഷേധ പ്രകടനത്തിലും പത്രപ്രസ്താവനയിലും ഒതുക്കി ശാന്തി മന്ത്രം ചൊല്ലിയിരിക്കാന്‍ തയ്യാറല്ലെന്ന് ഗോകുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കെഎസ്യു പ്രവര്‍ത്തകരുടെ സംരക്ഷണം തന്റെ കടമയാണ്. സംരക്ഷണമോ പ്രതിരോധമോ തീര്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിന് താന്‍ പദവിയില്‍ ഇരിക്കണം. പകരം നല്‍കേണ്ടി വരുന്നത് ജീവന് ആണെങ്കിലും അത് നല്കി പ്രവര്‍ത്തകരെ സംരക്ഷിക്കും. കെഎസ്യു പ്രവര്‍ത്തകരെ മാനസികമായും ശാരീരികമായും നോവിക്കുന്നവരോട് അവരെ അക്രമിക്കുന്നവരോട് അതേ രീതിയില്‍ തന്നെ മറുപടി നല്‍കിയാണ് ശീലമെന്നും ഗോകുല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
അതേസമയം ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്യു പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന് എസ്എഫ്ഐ ആരോപിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ ആംബുലസിന്റെ ഉളളില്‍ നിന്ന് എടുത്ത സെല്‍ഫി എസ്എഫ്ഐ പുറത്തുവിട്ടു.
ആശുപത്രിയിലേക്ക് എന്ന പേരിലാണ്കെഎസ്യു പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറിയത്. അക്രമം നടത്തിയ ശേഷം രക്ഷപ്പെടാനാണ് കെഎസ്യു ആംബുലന്‍സ് ഉപയോഗിച്ചതെന്നും എസ്എഫ്ഐ ആരോപിച്ചു. ആംബുലന്‍സിനകത്ത് കെഎസ്യു പ്രവര്‍ത്തകര്‍ ചിരിച്ചു നില്ക്കുന്ന ഫോട്ടോയാണ് എസ്എഫ്ഐ പുറുത്തുവിട്ടത്.കെഎസ്യു പ്രവര്ത്തകന് വാട്സ്ആപ്പ് സ്റ്റാറ്റസായി വെച്ച ഫോട്ടോയാണ് എസ്എഫ്ഐ പുറുത്തുവിട്ടത്.
മാളയില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിലാണ് കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെഎസ്യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഇരുസംഘടനകളും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.
Content Highlight: KSU District President Gokul facebook post against sfi