ബ്രൂവറി: പ്രതിപക്ഷം പച്ചക്കള്ളം പറയുന്നു; മഴവെള്ള സംഭരണി കാണാൻ മാധ്യമങ്ങൾക്കും നേതാക്കൾക്കും മന്ത്രിയുടെ ക്ഷണം

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കിന്‍ഫ്രക്ക് വ്യവസായ ആവശ്യത്തിന് വെള്ളം കൊടുക്കാന്‍ തീരുമാനമായതെന്ന് മന്ത്രി

dot image

തിരുവനന്തപുരം: ബ്രൂവറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്ത് വിട്ട കാബിനറ്റ് നോട്ട് സര്‍ക്കാര്‍ വെബ്‌സൈറ്റിലെ രേഖയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത് രഹസ്യ രേഖയല്ലെന്നും 13 ദിവസമായി അത് സൈറ്റിലുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത്ര സുതാര്യമായി ഏത് സര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഒരു കൂസലുമില്ലാതെ പ്രതിപക്ഷം കള്ളം പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മദ്യനയം മാറിയത് ആരും അറിഞ്ഞില്ലെന്നത് പച്ചക്കള്ളം. 2022-23ലെ മദ്യനയം ആമുഖത്തില്‍ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് പ്രതിപക്ഷനേതാവും മുന്‍ പ്രതിപക്ഷനേതാവും അറിഞ്ഞതാണ്. എന്നിട്ടും കള്ളം പറയാമോ? ബ്രൂവറി അനുവദിച്ചതില്‍ സമഗ്രമായി മറുപടി നല്‍കിയതാണ്. അപവാദം സംസ്ഥാനത്ത് എല്ലാവരും അറിയണമെന്നാണ് ചില മാധ്യമങ്ങളുടെ നിലപാട്. ചില മാധ്യമങ്ങള്‍ ന്യായമായ നിലപാട് സ്വീകരിച്ചു. ചിലര്‍ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് പ്രചാരണം', മന്ത്രി പറഞ്ഞു.

ഒന്നും അറിഞ്ഞില്ലെന്ന് പ്രതിപക്ഷം പറഞ്ഞാല്‍ അത് അവരുടെ കുഴപ്പമാണെന്നും സത്യസന്ധത ഇല്ലാതെ സംസാരിക്കുന്നവരാണ് പ്രതിപക്ഷമെന്നും എം ബി രാജേഷ് പറഞ്ഞു. മന്ത്രിസഭാ തീരുമാനമായിട്ടാണ് അനുമതി നല്‍കിയതെന്നും വെള്ളത്തിന്റെ കാര്യത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'30-11-23ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അപേക്ഷ ലഭിച്ചത്. 10 ഘട്ടങ്ങളിലായി പരിശോധന, 14 മാസം എടുത്താണ് പ്രാരംഭ അനുമതി കൊടുത്തത്. സുതാര്യമായിട്ടാണ് ചെയ്തിട്ടുള്ളത്. വെള്ളത്തിന്റെ കാര്യത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നു. ഒരു തുള്ളി ഭൂഗര്‍ഭ ജലം എടുക്കില്ല. അതിന്റെ ആവശ്യമില്ല. 45 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം പാലക്കാട് നഗരസഭയ്ക്കും പിരായിരി പഞ്ചായത്തില്‍ ഭാഗികമായും ആവശ്യം. 81.5 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് മലമ്പുഴയില്‍ നിന്നും ആവശ്യമാകുന്നത്. മഴക്കാലത്ത് ഇത്ര വെള്ളം ആവശ്യമില്ല', മന്ത്രി വ്യക്തമാക്കി.

M B Rajesh
എം ബി രാജേഷ്

ജലദൗര്‍ലഭ്യം കാരണം മലമ്പുഴ ഡാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെന്നും പാലക്കാട് ആവശ്യമായ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണ് ബ്രൂവറിക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിക്ക് വേണ്ടത് തുടക്കത്തില്‍ പ്രതിദിനം 0.05 ദശലക്ഷം ലിറ്ററാണെന്നും പിന്നീട് വേണ്ടത് 0.5 ദശലക്ഷം ലിറ്ററാണെന്നും അദ്ദേഹം വ്യക്തമാക്കി. 10 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് കിന്‍ഫ്രയ്ക്ക് നല്‍കുകയെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് തീരുമാനം എടുത്തതെന്നും എം ബി രാജേഷ് പറഞ്ഞു.

'ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കിന്‍ഫ്രക്ക് വ്യവസായ ആവശ്യത്തിന് വെള്ളം കൊടുക്കാന്‍ തീരുമാനമായത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് അതിരുണ്ട്. സത്യം എക്കാലവും മൂടിവെക്കാന്‍ പറ്റില്ല. വടകരപതിയില്‍ 24 കോടി ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്നു', അദ്ദേഹം പറഞ്ഞു.

കൂടാതെ മഴവെള്ള സംഭരണി കാണാന്‍ മാധ്യമങ്ങളെയും പ്രതിപക്ഷത്തെ നേതാക്കളെയും മന്ത്രി ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മഴവെള്ള സംഭരണി കാണാന്‍ വി ഡി സതീശനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും എം ബി രാജേഷ് ക്ഷണിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി, കോണ്‍ഗ്രസ് എംഎന്‍സി, യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്നിവര്‍ക്ക് സ്പിരിറ്റ് നിര്‍മ്മാണ ശാലയുണ്ടെന്നും അവിടെനിന്നൊക്കെ കേരളത്തിലേക്ക് സ്പിരിറ്റ് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

'4600 കോടി കേരളത്തിന് അതിലൂടെ നഷ്ടമാണ്. ആ നഷ്ടം മറികടക്കാന്‍ കേരളം ഒരു വഴി കണ്ടെത്തുമ്പോ അതിനെ എതിര്‍ക്കുന്നതിന് പിന്നിലെന്താണ്. സ്പിരിറ്റ് നിര്‍മ്മാണ കമ്പനികളുമായി ചെന്നിത്തല ചര്‍ച്ച നടത്തിയിട്ടുണ്ടോ? രമേശ് ചെന്നിത്തല മറുപടി പറയണം. കേരളത്തില്‍ പ്ലാന്റ് വന്നാല്‍ 4000 കോടിയുടെ നേട്ടമുണ്ടാകും. ഘടകക്ഷികളെ ചാരി രക്ഷപ്പെടാമെന്ന് പ്രതിപക്ഷം കരുതരുത്. വെള്ളത്തെ കുറിച്ച് അനാവശ്യ ആശങ്ക പ്രചരിപ്പിച്ചു. വെള്ളത്തെ സംബന്ധിച്ച് സൃഷ്ടിച്ചത് അനാവശ്യമായ ആശങ്ക. അതില്‍ പലരും പെട്ടുപോയിട്ടുണ്ടാവും. ഒരു തുള്ളി ഭൂഗര്‍ഭ ജലം എടുക്കാന്‍ അനുവദിക്കില്ല. സാധാരണ സര്‍ക്കാര്‍ നടപടി ക്രമം അനുസരിച്ചാണ് തീരുമാനം', അദ്ദേഹം വ്യക്തമാക്കി.

പ്ലാന്റിനെ കുറിച്ച് എല്‍ഡിഎഫ് ഘടകകക്ഷികളെ ബോധ്യപ്പെടുത്തുമെന്നും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്വമാണിതെന്നും അസംബന്ധങ്ങള്‍ ഭയന്ന് പിന്മാറില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

Content Highlights: MB Rajesh against Opposition leaders in Brewery plant

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us