'യൂണിയൻ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ അഞ്ചര ലക്ഷം മോഷ്ടിച്ചു, കലോത്സവങ്ങളിൽ രക്തക്കറ പുരട്ടാൻ ശ്രമം'; പികെ നവാസ്

'സർവകലാശാല രജിസ്ട്രാർ എകെജി സെൻ്ററിലെ തൂപ്പുകാരൻ്റെ നിലവാരം കാണിക്കുന്നു'

dot image

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ യൂണിയൻ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ അഞ്ചര ലക്ഷം രൂപ മോഷ്ടിച്ചെന്ന ആരോപണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ എകെജി സെൻ്ററിലെ തൂപ്പുകാരൻ്റെ നിലവാരം കാണിക്കുന്നു. ഒരു പരാതിയിലും നടപടി എടുക്കുന്നില്ലെന്നും പി കെ നവാസ് പറഞ്ഞു.

എസ്എഫ്ഐയുടെ കയ്യിലുണ്ടായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യുഡിഎസ്എഫ് പിടിച്ചെടുത്തതിലെ ശത്രുതയാണ് ഡി സോൺ സംഘർഷത്തിന് പിന്നിലെന്നും പി കെ നവാസ് പറഞ്ഞു. ആക്രമങ്ങൾ കലോത്സവ നഗരിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. കെഎസ്‌യു അധ്യക്ഷനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് വലിയ സംഭവമായി എസ്എഫ്ഐ ആഘോഷിക്കുന്നു. ഒറ്റ തിരിഞ്ഞ് കെഎസ്‌യുവിനെ ആക്രമിക്കാൻ സമ്മതിക്കില്ലെന്നും പി കെ നവാസ് പറഞ്ഞു.

സർവകലാശാല യുഡിഎസ്എഫ് പിടിച്ചെടുത്തതിൻ്റെ ശത്രുതയാണ് എസ്എഫ്ഐക്ക്. ഇതാണ് ആക്രമങ്ങൾക്ക് കാരണം. സോണൽ കലോത്സവങ്ങളിൽ എസ്എഫ്ഐ രക്തക്കറ പുരട്ടാൻ ശ്രമിക്കുന്നുവെന്നും പി കെ നവാസ് ആരോപിച്ചു. ഡി സോൺ കലോത്സവം നല്ല രീതിയിൽ നടക്കുന്നതിൽ അവർക്ക് ന‌ല്ല അസൂയയുണ്ട്. കലോത്സവം തകർക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന നേതാവ് പറയുന്ന ഓഡിയോ തന്നെ ഉണ്ട്. തിരിച്ചടിക്കുമെന്ന് എസ്എഫ്ഐ സെക്രട്ടറി എഫ്ബി പോസ്റ്റ് ഇട്ടതിന് പിന്നാലെ വ്യാപക അക്രമം നടന്നുവെന്നും പി കെ നവാസ് പറഞ്ഞു.

എംഎസ്എഫ് ആണ് അക്രമം നടത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ ഫേസ്ബുക്കിൽ പോസ്റ്റിടുന്നു. അവർ അക്രമി സംഘമായി മാറുന്നു. തെരുവിൽ വച്ചാണെങ്കിലും തൃശൂർ ജില്ലയിലെ കലോത്സവം നടത്തി പൂർത്തിയാക്കും. ബാക്കിയുള്ള 18 ഇനങ്ങൾ ഉടൻ നടത്തുമെന്നും പികെ നവാസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് തൃശൂരിൽ നടന്ന ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവ‌ർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ കേരളവർമ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആഷിഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആഷിഖ് ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ചുവിട്ടെന്നായിരുന്നു എസ്എഫ്ഐ ആരോപിച്ചിരുന്നത്. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്.


Content Highlights: PK Navas Alleged SFI Stolen 5 and half Lakh and from Union Office of Calicut University

dot image
To advertise here,contact us
dot image