
തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. ബ്രൂവറി വിഷയം മറ്റൊരു വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് താബിനറ്റ് നോട്ടില്‍ പറയുന്നു. ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശം എന്നീ വകുപ്പുകളുമായിപോലും പ്രാഥമിക ചര്‍ച്ച നടന്നിട്ടില്ലെന്നും എന്തിനാണ് ഈ ഫയല്‍ നീക്കിയതെന്നും വിഡി സതീശന്‍ ചോദിച്ചു. എത്ര കിട്ടി എന്ന് മാത്രം എം ബി രാജേഷ് പറഞ്ഞാല്‍ മതിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം ബ്രൂവറിയില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ മുഖപത്രത്തില്‍ ലേഖനം എഴുതി. ബ്രൂവറി പ്ലാന്റ് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയെന്നാണ് വിമര്‍ശനം. 'മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം' എന്ന തലക്കെട്ടില്‍ സത്യന്‍ മൊകേരി എഴുതിയ ലേഖനത്തിലാണ് പാലക്കാട് ബ്രൂവറി നടപ്പിലാക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടികാട്ടുന്നത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉല്‍പ്പാദിപ്പിക്കേണ്ടതെന്ന ചോദ്യം സിപിഐ മുന്നോട്ട് വെക്കുന്നു.
'ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരള്‍ച്ചയായിരിക്കും. പാലക്കാട്ടെ നെല്‍വയലുകള്‍ വരണ്ടുണങ്ങി മരുഭൂമിയാകുന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. ഇതിനിടെയാണ് എലപ്പുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ മദ്യ വ്യവസായത്തിനായി ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പ്രഥമിക അനുമതി നല്‍കിയിരിക്കുന്നത്', ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു.
Content Highlight: The opposition leader released the cabinet note about the brewery