തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ക്ലിയർ കട്ടായി ഒന്നും പറയാൻ ആയിട്ടില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി. വിവരങ്ങൾ വ്യക്തമാകാൻ കുറച്ചുകൂടി സമയം വേണമെന്നും നെയ്യാറ്റിൻകര ഡിവൈഎസ്പി വ്യക്തമാക്കി. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് നേരത്തെ അമ്മാവൻ ഹരികുമാർ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ഹരികുമാർ ഇടയ്ക്ക് ചില കാര്യങ്ങൾ മാറ്റിപ്പറയുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. അധികം വൈകാതെ കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കാമെന്നും ഡിവൈഎസ്പി അറിയിച്ചിട്ടുണ്ട്.
ഇതിനിടെ അമ്മാവൻ ഹരികുമാറും കുട്ടിയുടെ അമ്മ ശ്രീതുവും തമ്മിൽ നടത്തിയ നിർണായക വാട്സ്ആപ്പ് ചാറ്റ് പൊലീസിന് ലഭിച്ചു. ഇന്നലെ രാത്രി ഹരികുമാറും ശ്രീതുവും കുറേയധികം സമയം വാട്സ്ആപ്പ് ചാറ്റ് നടത്തിയിരുന്നു. ഈ ചാറ്റിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. മുറിയിലേക്ക് വരാൻ ചാറ്റിൽ സഹോദരിയോട് ഹരികുമാർ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് ഹരികുമാർ കുറ്റം ഏറ്റതെന്നാണ് വിവരം.
ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേരത്തെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഹരികുമാർ കുറ്റം ഏൽക്കുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്. ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്.
വീട്ടിൽ ഇന്നലെ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും പുറമെ അമ്മാവനും അമ്മുമ്മയും ഉണ്ടായിരുന്നു. നാല് പേരേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ ശ്രീതുവിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റിൽ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തിൽ വീട്ടിൽ അമ്മാവൻ ഉറങ്ങിയിയിരുന്ന മുറിയിൽ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.
Content Highlights: Balaramapuram Two year old girl murder Police enquiry continues