ബാലരാമപുരം കേസ്: അമ്മാവൻ ഒറ്റയ്ക്ക് ചെയ്തെന്ന് കരുതുന്നില്ല; അമ്മയുടെ സഹായമുണ്ടായിട്ടുണ്ടാകുമെന്ന് കൗൺസിലർ

ഒരു കുട്ടിയെ പോലും നുള്ളിയതായുള്ള പരാതി ഹരികുമാറിന് എതിരെ ഇല്ലെന്നും കൗണ്‍സിലര്‍

dot image

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി കൗണ്‍സിലര്‍ സുനില്‍. അമ്മാവന്‍ ഹരികുമാര്‍ ഒറ്റയ്ക്ക് ഇത് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹരികുമാര്‍ അങ്ങനെ ചെയ്തുവെങ്കില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ സഹായം ഉണ്ടായിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. പിന്നാലെയാണ് സുനിലിന്റെ പ്രതികരണം.

'ഒരു കുട്ടിയെ പോലും നുള്ളിയതായുള്ള ഒരു പരാതി പോലും ഹരികുമാറിന് എതിരെ ഇല്ല. ഹരികുമാറിന് മെന്റല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പണം കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ ശ്രീതു തയ്യാറാണ്. നേരത്തെ അമ്മ ആത്മഹത്യ ചെയ്യാന്‍ പോയെന്ന് പറഞ്ഞു ചികിത്സയ്ക്ക് പണം ചോദിച്ചിരുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേ ഇല്ല. 30 ലക്ഷം കാണാതായി എന്ന് കഴിഞ്ഞ ദിവസം പരാതി നല്‍കി. ഇത്ര ലക്ഷം രൂപ അവര്‍ക്ക് എങ്ങനെ ലഭിച്ചു. 58 ലക്ഷത്തോളം ബാധ്യത ശ്രീതു ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകം ശ്രീതു അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല', സുനില്‍ പറഞ്ഞു.

മാന്യമായി കഴിയുന്ന കുടുംബം ആയിരുന്നുവെന്നും ജോലി കിട്ടിയതിനു ശേഷമാണ് ശ്രീതു തരികിട ചെയ്തു തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡില്‍ ജോലി കിട്ടിയിട്ട് 3 വര്‍ഷമേ ആയിട്ടുള്ളുവെന്നും അതിനു ശേഷമാണ് കുഴപ്പം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തിന് നാട്ടുകാരുമായി യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യാണത്തിന് കണ്ടതിനു ശേഷം ഇപ്പോഴാണ് അയാളെ കാണുന്നതെന്നും അയാള്‍ ഇത് ചെയ്തെന്ന് കരുതുന്നില്ലെന്നും സുനില്‍ വ്യക്തമാക്കി.

ഹരികുമാറിലും ഈ വിഷയം തീരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഒരു അസ്വഭാവികതയും കണ്ടതായി അയല്‍ക്കാരും പറയുന്നില്ല. അന്വേഷണം വഴി തിരിച്ചു വിടാനാണ് മുറിയില്‍ തീപിടിത്തം ഉണ്ടാക്കിയത്. ഹരി പുക വലിക്കുന്ന ആളോ, ആ മുറി അടുക്കള ഭാഗത്തോ അല്ല. പുലര്‍ച്ചെ പുറത്ത് ഒരു നിഴല്‍ കണ്ടെന്നു 5 വയസുകാരി മകള്‍ പറഞ്ഞു. വീട്ടുകാര്‍ അങ്ങനെ പറയുന്നത് കേട്ട് കുഞ്ഞ് പറയുകയാണ്. അവര്‍ കളിച്ചു കൊണ്ടിരിക്കുന്ന പൊറാട്ട് നാടകത്തിന്റെ ബാക്കി മാത്രമാണ്. കുഞ്ഞിനെ എന്തിന് കൊന്നു എന്ന് മാത്രം വ്യക്തമാകുന്നില്ല', സുനില്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തില്‍ വീട്ടില്‍ ഹരികുമാര്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.

Content Highlights: Councillor reaction on Balaramapuram Case

dot image
To advertise here,contact us
dot image