ദളിതരുടെ 'കരിങ്കാളി'ക്ക് ക്ഷേത്രത്തില്‍ വിലക്ക്; ചോദ്യം ചെയ്ത യുവ അഭിഭാഷകന് മര്‍ദനം: വീഡിയോ

ജാതിയുടെ അടിസ്ഥാനത്തിലാണ് കരിങ്കാളിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നതെന്ന് യുവാവ് ആരോപിച്ചു.

dot image

തൃശൂര്‍: കരിങ്കാളി സങ്കല്പത്തെ ക്ഷേത്രത്തില്‍ കയറ്റാത്തത് ചോദ്യം ചെയ്ത യുവ അഭിഭാഷകനെ ക്ഷേത്ര കമ്മിറ്റിക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.തൃശ്ശൂർ പുന്നയൂര്‍ക്കുളം സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. പുന്നയൂര്‍ക്കാവ് ക്ഷേത്രത്തിലാണ് സംഭവം. പരിക്കേറ്റ യുവാവ് ചികിത്സ തേടി. വടക്കേക്കാട് പൊലീസില്‍ ഇദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്.

പറയ വിഭാഗത്തില്‍ പെട്ടവരുടെ ആരാധാനാ സങ്ക്‌ലപമാണ് കരിങ്കാളി. മറ്റു തിറകളെയെല്ലാം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും കരിങ്കാളിയെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ജനുവരി 28ന് യുവാവിന്റെ വസതിയില്‍ നിന്നു പുറപ്പെട്ട കരിങ്കാളി സങ്കല്പത്തെ ക്ഷേത്രത്തിനുമുന്നില്‍ വച്ച് ഭാരവാഹികള്‍ തടഞ്ഞതോടെ യുവാവ് ഇക്കാര്യം ചോദ്യം ചെയ്തു. പൂജാരി മേല്‍ജാതിക്കാരനായതുകൊണ്ടാണോ തങ്ങളെ തടയുന്നതെന്നായിരുന്നു യുവാവിന്റെ ചോദ്യം. അത് പൂജാരിയോട് ചോദിക്കണമെന്ന് കമ്മിറ്റിക്കാര്‍ മറുപടി നല്‍കി. തുടര്‍ന്ന് യുവാവ് ശ്രീകോവിലില്‍ പ്രവേശിച്ച് പൂജാരിയോട് ചോദ്യമുന്നയിച്ചു. എന്നാല്‍ ഇതേകുറിച്ച് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ സമയത്ത് ക്ഷേത്രത്തിനകത്തെത്തിയ ഭാരവാഹികളില്‍ ചിലര്‍ ചേര്‍ന്ന് യുവാവിനെ മറ്റൊരു ഭാഗത്തേക്ക് പിടിച്ചുമാറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. യുവാവിന് കൈക്ക് ചതവുണ്ട്.

പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടിയെടുത്തില്ലെന്നും നാളെ കുന്നംകുളം റൂറല്‍ എസ്പിക്ക് പരാതി നല്‍കുമെന്നും യുവാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിലാണ് കരിങ്കാളിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നതെന്ന് യുവാവ് ആരോപിച്ചു. ചാവക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പ്രധാന ആരാധനാ മൂര്‍ത്തിയായിരുന്നു കരിങ്കാളിയെന്നും എന്നാല്‍ ബ്രാഹ്‌മണ്യത്തിന്റെ വരവോടെ ക്ഷേത്രങ്ങളിലെ പ്രധാന ആരാധനാമൂര്‍ത്തികളില്‍ നിന്ന് അകലെയായിട്ടാണ് ഈ മൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

Content Highlights: Complaint that a young man was beaten up by the temple committee members who questioned the non-inclusion of the Karinkali in the temple.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us