
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറൽ എസ്പി കെ എസ് സുദർശനൻ റിപ്പോർട്ടറിനോട്. അന്വേഷണം തുടരുകയാണ്. ഫോൺ രേഖകളും സാഹചര്യ തെളിവുകളും പരിശോധിക്കും.
വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും നഷ്ടമായ ചാറ്റുകൾ തിരിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതി ഹരികുമാർ പൊലീസിനോട് നിസഹകരണം തുടരുകയാണ്. പൊലീസ് നൽകിയ ഭക്ഷണവും വെള്ളവും പ്രതി നിരസിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാൽ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്.
Content Highlights: balaramapuram child death case updates