കോഴിക്കോട് സിപിഐഎമ്മിന് പുതിയ നേതൃത്വം; എം മെഹബൂബ് ജില്ലാ സെക്രട്ടറി

പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മൊഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

dot image

കോഴിക്കോട്: എം മെഹബൂബ് സിപിഐഎമ്മിൻ്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ് എം മെഹബൂബ്.

ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ജില്ലയിലെ സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയാണ് എം മെഹബൂബ്. യുവജന സംഘടനയിലൂടെ പൊതുപ്രവർ‌ത്തനം ആരംഭിച്ച മെഹബൂബ് പിന്നീട് കോഴിക്കോട് സിപിഐഎമ്മിലെ പ്രധാനനേതാവായി മാറുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവ് കൂടിയാണ് എം മെഹബൂബ്. അത്തോളി പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

രണ്ട് വനിതകൾ ഉൾപ്പെടെ 12 പുതുമുഖങ്ങളാണ് 47 അംഗ കമ്മറ്റിയിൽ ഇടം നേടിയിരിക്കുന്നത്. ലിൻ്റോ ജോസഫ് എംഎൽഎ, ഒഎം ഭരദ്വാജ് അടക്കമുള്ളവർ കമ്മിറ്റിയിൽ ഇടം പിടിച്ചു. ആറ് വനിതകളാണ് ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചത്. കെ കെ ലതിക, കാനത്തിൽ ജമീല, ഡി ദീപ, കെ പുഷ്പജ, കെ പി ബിന്ദു, പി പി പ്രേമ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ വനിതാ അം​ഗങ്ങൾ. ലിന്റോ ജോസഫ്, ഒ എം ഭരദ്വാജ്, എൽ ജി ലിജീഷ്, പി സി ഷൈജു, പി ഷൈപു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ രതീഷ്, വി കെ വിനോദ്, എം കെ രാമചന്ദ്രൻ, കെ പി ബിന്ദു, പി പി പ്രേമ എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ച പുതുമുഖങ്ങൾ.

കെ വി പ്രമോദിനെതിരെ പരാതി ഉന്നയിച്ച ഇപ്രേംകുമാറിനെ ജില്ല കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പ്രമോദിനെതിരെ നടപടിയെടുത്ത മുൻ ഏരിയ സെക്രട്ടറി കെ ദാമോദരനെയും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ കമ്മറ്റിയിൽ ഉണ്ടായിരുന്ന 11 പേരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പി മോഹനൻ പുതിയ ജില്ലാ കമ്മറ്റിയിൽ ഇല്ല. സംസ്ഥാന കമ്മറ്റി അംഗം ആയത് കൊണ്ട് ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാകുന്നുവെന്ന് പി മോഹനൻ വ്യക്തമാക്കി. 40 വയസ്സിന് താഴെയുള്ള ആറ് പേർ ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയിട്ടുണ്ട്.

നേരത്തെ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം മെഹബൂബിൻ്റെ പേര് ഉയർന്ന് കേട്ടിരുന്നു. എന്നാൽ കെ കെ ദിനേശൻ്റെ പേര് കൂടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരുവിഭാ​ഗം ഉയർത്തിയതോടെ സമാവായമെന്ന നിലയിൽ എം ഗിരീഷിൻ്റെ പേരും ഉയർന്നിരുന്നു. വനിതാ സെക്രട്ടറിയെന്ന ചർച്ചയും ഉയന്നിരുന്നു. പി സതീദേവിയുടെയും കെ കെ ലതികയുടെയും പേരുകളാണ് പരിഗണിക്കപ്പെട്ടത്. എന്നാൽ എം മെഹബൂബ് തന്നെ സെക്രട്ടറിയായി വരട്ടെയെന്നായിരുന്നു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

439 പ്രതിനിധികളും ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മുഖ്യമന്ത്രി പിണറായി വിജയൻ എ വിജയരാഘവൻ എന്നീ പി ബി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വടകരയിലാണ് സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്നത്. 5,0000 ആളുകൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

Content Highlight: M Mehaboob elected as cpm kozhikode district secretary

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us