'കെ ആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധം; ആ പോസ്റ്റ് വിവരമില്ലായ്മ'; വിമര്‍ശിച്ച് ബെന്യാമിൻ

'ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്'

dot image

കൊച്ചി: ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭയ്ക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച കെ ആര്‍ മീരയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിൻ. കെ ആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ബെന്യാമിൻ ഫേസ്ബുക്കില്‍ കുറിച്ചു. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബെന്യാമിൻ ഫേസ്ബുക്കില്‍ കുറിച്ചു.

മീററ്റില്‍ ഗോഡ്സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് കെ ആര്‍ മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ' എന്നായിരുന്നു മീര പങ്കുവെച്ച കുറിപ്പ്. ഇതിനെതിരെ എഴുത്തുകാരി സുധാ മേനോനും കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് എന്നായിരുന്നു സുധാ മേനോന്റെ പ്രതികരണം. സംഘപരിവാര്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് മുക്തഭാരതത്തിന് ലെജിറ്റിമസി നല്‍കുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണെന്നും സുധാ മേനോന്‍ പറഞ്ഞിരുന്നു. മീരയുടെ പോസ്റ്റിന് താഴെ കമന്റായായിരുന്നു സുധാ മേനോന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് മീരയും മറുപടി നല്‍കിയിരുന്നു. ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാല്‍ കഞ്ഞികുടിക്കാന്‍ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നുമായിരുന്നു മീരയുടെ മറുപടി.

ടി സിദ്ദിഖ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവ് രാജു പി നായരും പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കമന്റ് ചെയ്തിരുന്നു. 'ഫിക്ഷന്‍ എഴുതാന്‍ മീരയ്ക്ക് നല്ല കഴിവുണ്ടെന്നും ഈ പോസ്റ്റിലും അത് കാണാന്‍ കഴിയുന്നു എന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. 'പിണറായിസ്റ്റ് ആവാന്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളില്‍ എത്തിക്കുന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ വിമര്‍ശനം.

മീററ്റിലാണ് ഹിന്ദുമഹാസഭ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയ്ക്ക് ആദരം അര്‍പ്പിച്ചത്. ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണില്‍ നിന്ന് തുടച്ചുനീക്കുമെന്ന് യോഗം തീരുമാനമെടുത്തിരുന്നു. ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.

Content Highlights-writer benyamin against k r meera on her fb post about congress and hindu sabha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us