കോട്ടയം: വീട്ടിനുളളിൽ തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയെന്ന് പരാതി. വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ പി സുജിത്ത്, സുരഭി ദമ്പതികളുടെ മകൻ ദേവതീർത്ഥിന്റെ തലയാണ് ഡോക്ടർ മൊബൈൽ വെളിച്ചത്തിൽ തുന്നലിട്ടത്.
കുട്ടി വീടിനുളളിൽ തെന്നിവീണ് തലയുടെ വലത് വശത്ത് പരിക്കേൽക്കുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അത്യഹിത വിഭാഗത്തിൽ നിന്ന് കുട്ടിയെ മുറിവ് ഡ്രസ് ചെയ്യാനാണ് ഡ്രസിങ് റൂമിലേക്ക് മാറ്റിയത്. എന്നാൽ അവിടെ ഇരുട്ടായതിനാൽ കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് അറ്റൻഡർ എത്തി വൈദ്യുതി ഇല്ലെന്ന് പറയുകയായിരുന്നു. അറ്റൻഡർ തന്നെ കുട്ടിയെ ഒ പി കൗണ്ടറിന് മുമ്പിലിരുത്തി.
രക്തം നിലയ്ക്കാതെ വന്നപ്പോൾ കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റി. എന്നാൽ റൂമിൽ മൊത്തം ഇരുട്ടാണല്ലൊ എന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നായിരുന്നു അറ്റൻഡറുടെ മറുപടി. ഡീസൽ ഇല്ലെന്നും ചെലവ് കൂടുതലായതിനാൽ വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് ജനറേറ്റർ കൂടുതൽ സമയം പ്രവർത്തിപ്പിക്കാറില്ലെന്നും ജീവനക്കാരൻ പറഞ്ഞു.
പിന്നീട് മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യഹിത വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ അവിടേയും വെളിച്ചമില്ലായിരുന്നു. തുടർന്ന് ദേവതീർത്ഥിനെ ജനലിന്റെ അരികിലിരുത്തി മൊബൈൽ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Content Highlights: Doctor Stitched 11 Year Old Boy Head with Mobile Phone Light Kottayam