കോണ്‍ഗ്രസിനോളം ഗാന്ധി വിരുദ്ധരല്ല ഹിന്ദു മഹാസഭക്കാര്‍ എന്ന സര്‍ട്ടിഫിക്കറ്റാണെങ്കില്‍ ആപത്കരം: ഡോ. ആസാദ്

മീററ്റില്‍ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് കെ ആര്‍ മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു

dot image

കൊച്ചി: ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സാഹിത്യകാരി കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ഡോ ആസാദ്. കോണ്‍ഗ്രസിനോളം ഗാന്ധി വിരുദ്ധരല്ല ഹിന്ദു മഹാസഭക്കാര്‍ എന്ന സര്‍ട്ടിഫിക്കറ്റ് ആണ് കെ ആര്‍ മീര നല്‍കുന്നതെങ്കില്‍ ആപത്കരമാണെന്ന് ഡോ. ആസാദ് കുറിച്ചു. അങ്ങനെയൊരു വാക്യം പക്ഷെ, കേരളത്തിലെ പിണറായി നയിക്കുന്ന സിപിഐഎമ്മിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതാണെന്നും ആസാദ് അഭിപ്രായപ്പെട്ടു.

ഡോ. ആസാദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കെ ആര്‍ മീരയുടേത് രാഷ്ട്രീയാഭിപ്രായമാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ചരിച്ചത് ഗാന്ധിയുടെ പാതയിലായിരുന്നില്ല എന്നോ അതിനു നേര്‍ വിപരീതമായിട്ടായിരുന്നുവെന്നോ അവര്‍ കരുതുന്നു.
കോണ്‍ഗ്രസ്സിനു ഗാന്ധിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. പിന്നെയാണോ ഹിന്ദുമഹാസഭക്ക് കഴിയുക? എന്നു ചോദിക്കുമ്പോള്‍ ഹിന്ദുമഹാസഭക്ക് അനുകൂലമായ വാക്യമല്ല അതെന്നു തോന്നാം. കോണ്‍ഗ്രസ്സിനോളം ഗാന്ധിവിരുദ്ധരല്ല ഹിന്ദുമഹാസഭക്കാര്‍ എന്ന സര്‍ട്ടിഫിക്കറ്റാണ് അതെന്നു വരുമ്പോള്‍ അത് ചരിത്രവിരുദ്ധവും ആപത്കരവുമാകുന്നു. അങ്ങനെയൊരു വാക്യം പക്ഷേ, കേരളത്തിലെ പിണറായി നയിക്കുന്ന സി പി എമ്മിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതാണ്. സംഘപരിവാരങ്ങളെക്കാള്‍ എതിര്‍ക്കപ്പെടേണ്ടത് കോണ്‍ഗ്രസ്സാണ് എന്ന നിലപാടിന്റെ സാംസ്‌കാരിക രംഗത്തെ വിപുലീകരണമാണത്. ബെന്യാമിനെ ക്ഷോഭിപ്പിക്കാന്‍ മാത്രം അതിലെന്തിരിക്കുന്നു എന്നാണ് മനസ്സിലാകാത്തത്. കേരളത്തിലെ ഭരണരാഷ്ട്രീയത്തെ പിന്തുണയ്ക്കാന്‍ അശോകന്‍ ചരിവിലിനോട് മത്സരിക്കുന്ന രണ്ടുപേര്‍ അന്യോന്യം കാണിക്കുന്ന അസഹിഷ്ണുത ഞെട്ടിക്കുന്നതാണ്.

മീററ്റില്‍ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് കെ ആര്‍ മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ' എന്നായിരുന്നു മീര പങ്കുവെച്ച കുറിപ്പ്.

കുറിപ്പിന് മറുപടിയായി ബെന്യാമിന്‍ രംഗത്തെത്തുകയും അതിന് കെ ആര്‍ മീര നല്‍കിയ മറുപടിയും പിന്നീട് ചര്‍ച്ചയായി. കെ ആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്നായിരുന്നു ബെന്യാമിന്‍ അഭിപ്രായപ്പെട്ടത്. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല, അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബെന്ന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Also Read:

ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെത്തന്നെ മീര മറുപടിയും നല്‍കി. തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണെന്ന് മീര കുറിച്ചു.


അന്നും ഇന്നും തന്റെ നിലപാടുകളില്‍ നിന്ന് താന്‍ അണുവിട മാറിയിട്ടില്ലെന്നും കെ ആര്‍ മീര പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ച് പ്രസ്താവന നടത്തിയിട്ടുമില്ല. തന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍ നിന്ന് കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണ് ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. താനാണ് മഹാ പണ്ഡിതന്‍, താനാണ് മഹാമാന്യന്‍, താനാണാ സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാമെന്നും കെ ആര്‍ മീര പറഞ്ഞു.

Content Highlights: Dr Azad Reaction against K R Meera post

dot image
To advertise here,contact us
dot image