കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ കേരളത്തെ പരിഗണിക്കുമോ എന്നതാണ് ഏറെ ആകാംക്ഷയോടെ സംസ്ഥാനം കാത്തിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതിന് പുറമെ കേരളത്തിലെ മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനും പ്രത്യേക പാക്കേജുകളും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളത്തിൻ്റെ പ്രധാന ആവശ്യമാണ്.
എയിംസ്, സിൽവർലൈൻ പദ്ധതി, റെയിൽവികസനം തുടങ്ങിയവയും കേരളത്തിൻ്റെ പ്രധാന ആവശ്യമാണ്. കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ അങ്കമാലി-ശബരി, തലശ്ശേരി-മൈസൂരു റെയിൽപാതയും കേരളം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിന് 5000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരിക്കുന്നത് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്. വന്യജീവി-മനുഷ്യ സംഘർഷങ്ങളെ പരിഹരിക്കാനുള്ള പദ്ധതികൾക്കായി 1000 കോടി രൂപയും കേരളം പ്രത്യേക പാക്കേജായി ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ ശോഷണം പരിക്കുന്നതിന് 11,650 കോടി രൂപ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 4500 കോടി രൂപയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്കും തിരികെയെത്തുന്ന പ്രവാസികൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പദ്ധതിക്കായി 3940 കോടി രൂപയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കാർഷിക മേഖലയുടെ കൈത്താങ്ങിനായും കേരളം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റബറിന് മിനിമം വില ഉറപ്പാക്കുന്നതിനായി 1000 കോടി രൂപ, നെല്ല് സംഭരണത്തിന് 2000 കോടി രൂപ എന്നിങ്ങനെയാണ് കേരളത്തിൻ്റെ ആവശ്യം.
കടമെടുപ്പ് പരിധിവെട്ടിക്കുറിച്ചത് മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധികളെയും കേരളം അഭിസംബോധന ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി ഉയർത്തണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. കിഫ്ബി വായ്പയെടുത്ത തുക സംസ്ഥാനത്തിൻ്റെ വായ്പാ പരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തതിൻ്റെ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിച്ചിരുന്നു. ഇതിലേയ്ക്കായി എടുത്ത കിഫ്ബി വായ്പ സംസ്ഥാനത്തിൻ്റെ വായ്പ പരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കണമെന്നാണ് ആവശ്യം. കിഫ്ബിയ്ക്ക് പുറമെ സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളും കമ്പനികളും എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിൻ്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Is budget considered the demands of kerala