തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് കെ എ രതീഷ് തുടരുന്നത് അയോഗ്യത മറികടന്ന്. സഹകരണ നിയമ ഭേദഗതി പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ ഏറ്റെടുക്കേണ്ട പദവിയിലാണ് രതീഷ് ഒരു വർഷമായി അയോഗ്യത വകവെയ്ക്കാതെ ഇരിക്കുന്നത്.
ഖാദി സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ കൂടിയാണ് ഖാദി ബോർഡ് സെക്രട്ടറി. എന്നാൽ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം രജിസ്ട്രാർ സർക്കാർ ഉദ്യോഗസ്ഥൻ ആകണമെന്നാണ് നിയമം. കെ എ രതീഷ് സർക്കാർ ഉദ്യോഗസ്ഥൻ അല്ല എന്ന് വ്യവസായ വകുപ്പ് ഒരു വിവരാവകാശ മറുപടിയിൽ പറയുന്നുണ്ട്. അതായത്, ഒരു വർഷമായി രതീഷ് നിയമം ലംഘിച്ചാണ് ഖാദി ബോർഡ് സെക്രട്ടറിയായി തുടരുന്നത് എന്ന് അർഥം. ഇത്രയും കാലയളവിൽ ഖാദിബോർഡ് സെക്രട്ടറി പദം ഒഴിയാനും രതീഷ് തയ്യാറായിട്ടില്ല.
കശുവണ്ടി അഴിമതിക്കേസിലെ പ്രതി കൂടിയാണ് കെ എ രതീഷ്. കഴിഞ്ഞ ദിവസമാണ് രതീഷിന്റെ ശമ്പള വർദ്ധനവിന് സർക്കാർ മുൻകാല പ്രാബല്യം നൽകിയത്. 2020 ഫെബ്രുവരിയിൽ നൽകിയ അപേക്ഷയിലായിരുന്നു സർക്കാർ തീരുമാനം ഉണ്ടായത്. 142210 രൂപയായാണ് ശമ്പളം വർധിപ്പിച്ചത്. 14 വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം നിജപ്പെടുത്തിയത്. സർക്കാർ ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു.
കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെയും മുൻ എംഡിയായിരുന്ന രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ല. മൂന്ന് മാസത്തിനകം പ്രോസിക്യൂഷൻ അനുമതി നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
2006 മുതൽ 2015 വരെയുള്ള കാലത്തെ തോട്ടണ്ടി ഇടപാടുകളിൽ അഴിമതി കാണിച്ചുവെന്നതാണ് കശുവണ്ടി അഴിമതി കേസ്. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എം ഡി കെ.എ. രതീഷ് തുടങ്ങിയവരാണ് പ്രതികൾ. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷം കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
Content Highlights: KA Ratheesh at khadi board neglecting government rules and order