വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍. വെള്ളമുണ്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈനബയുടെ അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
ഇന്നലെ രാത്രിയായിരുന്നു വെള്ളമുണ്ടയില്‍ അരുംകൊല നടന്നത്. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് ആരിഫ് പിടിയിലാകുകയായിരുന്നു. അതിഥി തൊഴിലാളിയായ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിനിടെ ഭാര്യയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനബയെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തിയാണ് മുഖീബിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴുത്തില്‍ തോര്‍ത്തിട്ട് കൊലപ്പെടുത്തിയ ശേഷം പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു. ഇതിന് ശേഷം ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Content Highlights- migrant workers arrested for killed another migrant worker in wayanad