കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ വൈദികന് നേരെ ആക്രമണം. ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് പരിക്കേറ്റു. കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്. അക്രമികൾ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തലയോലപ്പറമ്പ് പൊലീസ് എത്തി പള്ളി പൂട്ടിച്ചു.
രാവിലെ കുർബാനയ്ക്കിടെയാണ് പളളിയിൽ നാടകീയ രംഗങ്ങളുണ്ടായത്. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധം ഉയർത്തി. ഇടവക വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഫാദർ ജോൺ തോട്ടുപുറത്തിനെ ആക്രമിക്കുകയുമായിരുന്നു. മുൻ വികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘർഷമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം.
സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പളളിയാണിത്. ഏറെ നാളായി ഇവിടേയും ഏകീകൃത കുർബാനയെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. പളളിക്കുളളിൽ വെച്ച് കയ്യേറ്റം ഉണ്ടായെന്ന് കാണിച്ച് ജോൺ തോട്ടുപുറം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
content highlights: priest attacked in prasadagiri churh thalayolapparamba kottayam