കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ മരിച്ച സംഭവത്തിൽ കുറ്റപത്രം വൈകുന്നു. യുവാവിനെ ഇടിച്ചിട്ട ആഢംബര കാറിൻ്റെ ഉടമയെ ചോദ്യം ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. കാറിൻ്റെ ഉടമസ്ഥത സംബന്ധിച്ച് പ്രതി നൽകിയ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അശ്രദ്ധയും അമിതവേഗതയുമാണ് അപകടകാരണമായതെന്നാണ് കണ്ടെത്തൽ.
ഈ കഴിഞ്ഞ ഡിസംബറിലാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മരണം നടക്കുന്നതിന് ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്. ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്. വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡിൻ്റെ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.
അപകടത്തിനെ പറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേരള രജിസ്‌ട്രേഷനിലുള്ള 'ഡിഫന്‍ഡര്‍' വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന സംശയത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തെലങ്കാന രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. തുടര്‍ന്ന് കോഴിക്കോട് ആര്‍ടിഒ നടത്തിയ ഇരുവാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ തെലങ്കാന രജിസ്‌ട്രേഷനിലുള്ള കാറിൻ്റെ മുന്‍വശത്തെ ക്രാഷ് ഗാര്‍ഡിലും ബോണറ്റിലും അപകടം ഉണ്ടായതിൻ്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.
ഒപ്പം പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവികളില്‍ നിന്നും തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം ആല്‍വിനെ ഇടിക്കുന്നതിൻ്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. തെലങ്കാന കാറിന് ഇന്‍ഷൂറന്‍സും റോഡ് നികുതിയും ഇല്ലാത്തതിനാലാവാം ഇത്തരമൊരു ആസൂത്രിത നീക്കം നടന്നത് എന്നായിരുന്നു വിലയിരുത്തൽ. ആൽവിനെ ഇടിച്ച കാറുകൾ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാരും മൊഴി നൽകിയിരുന്നു.
Content highlight- Videographer dies while filming commercial; Complaint that charge sheet is delayed