കോൺഗ്രസ് 'നിലനിൽക്കുക എന്നത് പ്രധാനപ്പെട്ട കാര്യം'; മീരയ്ക്ക് ഞങ്ങൾ ഉയർത്തിയ വിമർശനം മനസിലായിട്ടില്ല:ബെന്യാമിൻ

ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നിലനില്‍ക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണെന്നും ബെന്യാമിന്‍

dot image

പത്തനംതിട്ട: ഹിന്ദുമഹാസഭയേയും കോണ്‍ഗ്രസിനേയും താരതമ്യപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചതിന് പ്രതികരണവുമായി എത്തിയ എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് മറുപടിയുമായി ബെന്യാമിന്‍. കെ ആര്‍ മീരയ്ക്ക് തങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് ബെന്യാമിന്‍ പറഞ്ഞു. കോണ്‍ഗ്രസ് നിലനില്‍ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നിലനില്‍ക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണെന്നും ബെന്യാമിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനെ താനും വിമര്‍ശിച്ചിട്ടുണ്ടെന്നും ബെന്യാമിന്‍ പറഞ്ഞു. വിമര്‍ശനം ഏത് രീതിയിലാണ് കൊണ്ടുകെട്ടുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കോണ്‍ഗ്രസ് ഗാന്ധി മൂല്യങ്ങളെ തമസ്‌കരിക്കുന്നു എന്ന് താനും വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ഹിന്ദുമഹാസഭയുടെയും നിലപാടുകള്‍ വ്യത്യസ്തമാണെന്നും ബെന്യാമിന്‍ പറഞ്ഞു.

എല്ലാ മനുഷ്യരും എന്തെങ്കിലും അപ്പക്കഷണങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന തെറ്റായ ചിന്ത കെ ആര്‍ മീരയ്ക്കുണ്ടൈന്നും ബെന്യാമിന്‍ പറഞ്ഞു. തനിക്കെതിരെയുള്ള കെ ആര്‍ മീരയുടെ വ്യക്തിഹത്യയെ താന്‍ തള്ളിക്കളയുകയാണ്. താന്‍ ഒരു സ്ഥാപിത താത്പര്യത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന ആളല്ല. തനിക്ക് സ്വന്തമായി ആത്മബോധവും ആത്മവിശ്വാസവുമുണ്ട്. കെ ആര്‍ മീരയും താനും സുഹൃത്തുക്കളാണ്. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ഇനിയും ഉണ്ടാകണം. എല്ലാവരും ഒരേ അഭിപ്രായമല്ല പറയേണ്ടത്. നല്ല ഒരു ചര്‍ച്ച ഉയര്‍ന്നു വരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

മീററ്റില്‍ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് കെ ആര്‍ മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ' എന്നായിരുന്നു മീര പങ്കുവെച്ച കുറിപ്പ്. ഇതിനെതിരെ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. കെ ആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്നായിരുന്നു ബെന്യാമിന്‍ അഭിപ്രായപ്പെട്ടത്. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടമാണെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബെന്യാമിന് മറുപടിയുമായി മീരയും രംഗത്തെത്തി. ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ടെന്നും തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണെന്നും മീര പറഞ്ഞിരുന്നു.

Content Highlights- writer benyamin reply to K R meera on fb post controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us