തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വീഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടിയിലെ ഭക്ഷണമെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഉപ്പുമാവ് തിന്നു മടുത്തു ഇനി അങ്കണവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നാണ് ശങ്കു എന്ന കുട്ടി വീഡിയോയിൽ വളരെ നിഷ്കളങ്കമായി ആവശ്യപ്പെടുന്നത്.
ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ് എന്നായിരുന്നു ആരോഗ്യമന്ത്രി നൽകിയ മറുപടി. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്.
ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മന്ത്രി സ്‌നേഹാഭിവാദ്യങ്ങളും അറിയിച്ചു.
Content highlights : Biryani and fried chicken'; Health Minister granted Kuttyshanku's wish; now super menu at Anganwadi