'സെലീനാമ്മയുടെ ശരീരത്തിൽ കരിവാളിച്ച പാടുകളും ചതവും, കമഴ്ന്ന് വീണ നിലയിലായിരുന്നു'; അയൽവാസി

'സെലീനാമ്മയുടെ സഹായിയാണ് മൃതദേഹം ആദ്യം കണ്ടത്'

dot image

തിരുവനന്തപുരം: ധനുവച്ചപുരത്തെ സെലീനാമ്മയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് അയൽവാസി ബാഹുലേയൻ. സെലീനാമ്മയുടെ മൃതദേഹം കുളിപ്പിച്ചപ്പോൾ അവരുടെ ശരീരത്തിൽ കരിവാളിച്ച പാടുകളും ചതവും ഉണ്ടായിരുന്നതായി കുളിപ്പിച്ച സത്രീകൾ പറഞ്ഞിരുന്നു. മരണത്തിനു മുമ്പ് മൂന്നര പവന്റെ മാല സെലീനാമ്മ വാങ്ങിയിരുന്നു. ഇത് അറിയാവുന്ന ആരെങ്കിലും ആയിരിക്കും കൊലപാതകം ചെയ്തത്. കമഴ്ന്ന് ബെഡ്ഡിൽ നിന്ന് താഴെ വീണ നിലയിലായിരുന്നു സെലീനാമ്മയെ കണ്ടെത്തിയതെന്ന് ബാഹുലേയൻ റിപ്പോർട്ടർ ടിവി യോട് പറഞ്ഞു.

സെലീനാമ്മയുടെ സഹായിയാണ് മൃതദേഹം ആദ്യം കണ്ടത് എന്നും ബാഹുലേയൻ പറഞ്ഞു. മൂന്ന് വർഷമായി സെലീനാമ്മ ധനുവച്ചപുരത്ത് താമസിക്കുന്നു. മരണപ്പെടുന്നതിന് മുമ്പ് സെലീനാമ്മ സ്വർ‌ണമാല വാങ്ങി. മൂന്നര പവന്റെ സ്വർണ മാല വാങ്ങി കഴുത്തിലണിഞ്ഞിരുന്നുവെന്ന് അടുത്തുളളവരൊക്കെ പറയുന്നുണ്ട്. ഈ മാലയടക്കമുളള ആഭരണങ്ങളൊന്നും കാണാനില്ല. പാടുകൾ കണ്ടുവെന്ന് പറഞ്ഞപ്പോൾ മകൻ അന്ന് കേസ് കൊടുത്തിരുന്നില്ലെന്നും ബാഹുലേയൻ പറഞ്ഞു.

സെലീനാമ്മ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. സ്ത്രീകളൊക്കെ തൊഴിലുറപ്പിന് പോയാൽ ഈ ഭാ​ഗത്തൊന്നും ആളുകളുണ്ടാകാറില്ല. ആ വീട്ടിൽ വന്ന് പോകുന്നവരെയാണ് സംശയമെന്നും ബാഹുലേയൻ ആരോപിച്ചു. ദുരൂഹതയുളളതിനാൽ ഇന്ന് സെലീനാമ്മയുടെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പള്ളിയുടെ സമീപത്ത് പോസ്റ്റ്‌മോർട്ടം നടത്താനായി താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നു. ഫോറൻസിക് സംഘം അടക്കം നേരത്തെ പള്ളിയിൽ എത്തിയിരുന്നു.

11 മണിയോടെയാണ് കല്ലറ പൊളിച്ചത്. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയിൽ എത്തിയിരുന്നു. മണിവിള പള്ളിയിലാണ് സെലീനാമ്മയുടെ സംസ്കാരം നടന്നത്. ജനുവരി 17നാണ് സെലീനാമ്മയെ ധനുവച്ചപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ​ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു. ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാൽ സംസ്കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകൻ ഈ വിവരങ്ങൾ അറിയുന്നത്. ഇതേ തുടര്‍ന്ന് മകൻ രാജു പാറശ്ശാല പൊലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ജില്ലാ കളക്ടറോട് അനുമതി തേടുകയായിരുന്നു.

Content Highlights: Dhanuvachapuram Saleenamma Death Neighbour Alleged its a Murder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us