
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേട്ടേക്കും.
ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തധികാരമെന്നായിരുന്നു നേരത്തെ ഹൈക്കോടതിയുടെ ചോദ്യം. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ജസ്റ്റിസ് എൻ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ കമ്മീഷന് ഇല്ല. വസ്തുതാ അന്വേഷണമാണ് കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കമ്മീഷന് അധികാരമില്ല. അക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. വസ്തുതകള്‍ പഠിച്ച് സര്‍ക്കാരിന് മുന്നിലേക്ക് എത്തിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം. വഖഫ് വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാരിന്റെ തീരുമാനമെന്നുമാണ് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ അറിയിച്ചത്. വഖഫ് ഭൂമിയില്‍ അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കേസ് നടക്കുന്നതിനാൽ മുനമ്പം ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തത്ക്കാലത്തേക്ക് നിർത്തിവച്ചിരുന്നു. കമ്മിഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം തുടർനടപടികൾ ആരംഭിക്കുമെന്ന് മുനമ്പം കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞിരുന്നു. കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കമ്മിഷന്റെ പ്രവർത്തനം നിയമ പ്രകാരം ആണ്. എൻക്വയറി ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. സർക്കാരിന്റെ വശം സർക്കാർ പറയുമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞിരുന്നു.
Content Highlights: Today High Court Consider the Petition Against Munambam Judicial Commission