മലപ്പുറം: എളങ്കൂരിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വിഷ്ണുജയുടെ സുഹൃത്ത്. ഭർത്താവിൽ നിന്ന് വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത് പറഞ്ഞു. വിഷ്ണുജക്ക് ശാരീരിക പീഡനവും ഏൽക്കേണ്ടി വന്നു. സുഹൃത്തുക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ല. റിപ്പോർട്ടറിനോടായിരുന്നു സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ.
വിഷ്ണുജയുടെ ഫോൺ പ്രഭിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് സുഹൃത്ത് പറയുന്നത്. വിഷ്ണുജ അറിയാതെ മൊബൈൽ ഫോൺ പ്രഭിന്റെ ഫോണുമായി കണക്ട് ചെയ്തിരുന്നു. വിഷ്ണുജയുടെ ഫോണിൽ നിന്ന് പ്രതി തെളിവുകൾ നീക്കം ചെയ്തുവെന്നും സുഹൃത്ത് പറഞ്ഞു. ഫോണിൽ പോലും വിഷ്ണുജക്ക് മനസുതുറന്ന് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഫോൺ ഇടയ്ക്കിടെ ചെക്ക് ചെയ്യുമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
സംഭവത്തിൽ വിഷ്ണുജയുടെ ഭർത്താവ് പ്രഭിന്റെ അറസ്റ്റ് കഴിഞ്ഞദിവസം മഞ്ചേരി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു.
സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും ജോലിയില്ലാത്തതിന്റെയും പേരിൽ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവനും ആരോപണമുന്നയിച്ചിരുന്നു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നൽകിയിരുന്നു.
പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
Content Highlights: more complaints against vishnuja's husband