തൃശൂർ: കാഞ്ഞാണിയിൽ ആംബുലൻസിൻ്റെ വഴിതടഞ്ഞ മൂന്ന് സ്വകാര്യ ബസുകൾ കസ്റ്റഡിയിൽ എടുത്ത് അന്തിക്കാട് പൊലീസ്. ഡ്രൈവർമാർക്കെതിരെ കേസ് ഫയൽ ചെയ്തു. ആംബുലൻസിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ പറഞ്ഞു.
മൂന്ന് ബസും നിയമ ലംഘനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാൻ എടപ്പാളിലുള്ള ഐഡിടിആർലേക്ക് അയക്കും. അഞ്ച് ദിവസമായിരിക്കും ഇവർക്ക് പരിശീലനം. കാഞ്ഞാണി സെൻ്ററിൽ കണ്ടക്ടർമാർ ബസിൽ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. അതിനാൽ ഡ്രൈവർക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എംവിഐ അറിയിച്ചു.
ശനിയാഴ്ച്ച വൈകീട്ട് 4.30 ന് വാടാനപ്പള്ളി സംസ്ഥാന പാതയിയിൽ വച്ച് ആണ് രോഗിയുമായി പോയ ആംബുലൻസിനെ സ്വകാര്യ ബസ്സുകൾ വഴിമുടക്കിയത്. തെറ്റായ ദിശയില്‍ കയറിയാണ് രണ്ടു സ്വകാര്യബസുകള്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞത്. അഞ്ച് മിനിറ്റിലധികം സമയം രോഗിയുമായി ആംബുലന്‍സ് വഴിയില്‍ കിടന്നു.
പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് സ്വകാര്യ ബസ്സുകള്‍ തടഞ്ഞത്. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ ഗൗനിക്കാതെ സ്വകാര്യ ബസുകള്‍ ആംബുലന്‍സിൻ്റെ വഴി തടസ്സപ്പെടുത്തുന്ന നിലയിൽ തെറ്റായ ദിശയിൽ ബസ് കയറ്റി ഇടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ അന്തിക്കാട് പൊലീസ് കേസെടുക്കുകയായിരുന്നു.
Content Highlights: Police Took Three Private Bus in Custody for They Block Ambulance in Road