'ഉദയഭാനുവിൻ്റേത് പാർട്ടി കുടുംബത്തോടൊപ്പം എന്ന നിലയിലുള്ള പ്രതികരണം'; പിന്തുണയുമായി രാജു എബ്രഹാം

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു ഉദയഭാനുവിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്

dot image

പത്തനംതിട്ട: മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ച പത്തനംതിട്ട സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉഭയഭാനുവിനെ പിന്തുണച്ച് നിലവിലെ ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന നിലയിലുള്ള പ്രതികരണങ്ങളാണ് കെ.പി ഉദയഭാനു നടത്തിയത് എന്നും അതിനപ്പുറത്തേക്കുള്ള ഒരു നിലപാടും ഉദയഭാനു സ്വീകരിച്ചതായി അറിയില്ലെന്നും രാജു എബ്രഹാം റിപ്പോർട്ടറിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമർശനം ഏത് അർത്ഥത്തിൽ എന്ന് അറിയില്ല എന്നും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം തന്നെയാണ് എന്നും രാജു എബ്രഹാം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് തന്നെയാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കും. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നിലപാടാണ് പാർട്ടി സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത്. ഇപ്പോഴും എപ്പോഴും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം തന്നെയാണെന്നും രാജു എബ്രഹാം തറപ്പിച്ചുപറഞ്ഞു.

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു ഉദയഭാനുവിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. നവീൻ ബാബുവിൻ്റെ മരണത്തിൽ ഉദയഭാനു നടത്തിയ പ്രതികരണങ്ങളുടെ പേരിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അതിരുകടന്ന പ്രതികരണമാണ് പത്തനംതിട്ട പാർട്ടി നേതൃത്വം നടത്തിയതെന്നും വിമർശനം അതിരുവിട്ടതോടെ നേതൃത്വം ഇടപെട്ട് തിരുത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂർ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാടുമായി കെ പി ഉദയഭാനു രംഗത്ത് വന്നിരുന്നു.

ഉദ്യോഗസ്ഥര്‍ മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കടന്നു ചെല്ലേണ്ട കാര്യമില്ലെന്നായിരുന്നു നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ കെ പി ഉദയഭാനു പറഞ്ഞത്. വിളിക്കാത്തിടത്തേക്ക് പോകേണ്ട കാര്യം പി പി ദിവ്യക്കുണ്ടായിരുന്നില്ല. എവിടെയും കയറി ചെല്ലാമെന്നാണോ? ആരും ക്ഷണിക്കാത്തയിടത്തുപോയി എന്തും പറയാം എന്നാണോ സ്ഥിതി. ഒരോന്നിനും അതിന്റേതായ മാന്യതയും ബഹുമാനവും ഉണ്ട് എന്നും ഉദയഭാനു പറഞ്ഞിരുന്നു. ദിവ്യയ്ക്കെതിരായ നടപടി വൈകിയപ്പോഴും സിപിഐഎം കണ്ണൂർ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന സമീപനം പത്തനംതിട്ടയിലെ സിപിഐഎം സ്വീകരിച്ചിരുന്നു. ഈ ഘട്ടത്തിൽ മാധ്യമങ്ങളിലും മറ്റിടങ്ങളിലും പാര്‍ട്ടി രണ്ട് തട്ടിലാണെന്ന് പ്രചരണമുണ്ടെന്നും അത് തെറ്റാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് വിശദീകരിക്കേണ്ടി വന്നിരുന്നു.

പി പി ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും ഒരുഘട്ടത്തിൽ കെ പി ഉദയഭാനു പറഞ്ഞിരുന്നു. അങ്ങനെ ഉണ്ടെങ്കിൽ അത് കണ്ണൂരിലെ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്നും ഉദയഭാനു പറഞ്ഞിരുന്നു. വിഷയത്തിൽ ഡിവൈഎഫ്‌ഐ നിലപാടിനെയും ഉദയഭാനു തള്ളിപ്പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള നിരവധി പരാമർശങ്ങൾ കണ്ണൂരിലെ പാർട്ടിയെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം

Content Highlights: Raju Abraham supports Udhyabhanu on Pinarayi Vijayan Criticism

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us