കോട്ടയം : ഏറ്റുമാനൂരിൽ വഴിയരികിലെ കടയിലുണ്ടായ സംഘർഷത്തിൽ നെഞ്ചിലേറ്റ പരിക്കാണ് പൊലീസുകാരൻ മരിക്കാന്‍ കാരണമായതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ശ്വാസകോശത്തിൽ ആന്തരിക രക്തസ്രാവവും ഉണ്ടായതായി ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം മാഞ്ഞൂരെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.
കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. പൊലീസുകാരനെ കൊലപ്പെടുത്തിയ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. എംസി റോഡിൽ തെള്ളകത്ത് രാത്രി 12 മണിയോടെയായിരുന്നു സംഭവം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ ജോർജ് കടയിലെത്തി കട ഉടമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടയിലാണ് കോട്ടയത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പൊലീസുകാരൻ ശ്യാമപ്രസാദ് കടയിലെത്തിയത്. സംഘർഷത്തിനിടെ പൊലീസുകാരനെ കണ്ട് പ്രകോപിതനായ പ്രതി ശ്യാമപ്രസാദിനെ മർദ്ദിച്ചു. മർദ്ദനത്തിൽ നിലത്തുവീണ പൊലീസുകാരൻ്റെ നെഞ്ചത്ത് ചവിട്ടുകയും, മർദ്ദിക്കുകയും ചെയ്യുകയുമായിരുന്നു.
content highlights : Shyamaprasad was killed while returning home after work; brutally beaten; died of lung injury