'കോൺഗ്രസിനെ അധിക്ഷേപിച്ച് ഇടതുപക്ഷത്തെ സന്തോഷിപ്പിക്കുന്നവരുണ്ട്' ; കെ ആർ മീരയ്ക്കെതിരെ വി ഡി സതീശൻ

സിപിഐമ്മിനൊപ്പം ചേർന്ന് സ്വയം ചുരുങ്ങിപ്പോയിയെന്നും കെ ആർ മീരയുടെ വ്യാഖ്യാനം എന്തടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

dot image

തിരുവനന്തപുരം: എഴുത്തുകാരി കെ ആർ മീരയുടെ കോൺഗ്രസ് വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സിപിഐഎമ്മിൻ്റെ ലാഭം പ്രതീക്ഷിച്ച് കോൺഗ്രസിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു. നിരവധി എഴുത്തുകാർ സിപിഐമ്മിനൊപ്പം ചേർന്ന് സ്വയം ചുരുങ്ങിപ്പോയിയെന്നും കെ ആർ മീരയുടെ വ്യാഖ്യാനം എന്തടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കോൺഗ്രസിനെ അധിക്ഷേപിച്ച് ഇടതുപക്ഷത്തെ സന്തോഷിപ്പിക്കുന്നവരുണ്ട്. അറിഞ്ഞോ അറിയാതെയോ ഇവർ സംഘ്പരിവാരിൻ്റെ വഴിയിലേക്ക് എത്തുന്നു. കോൺഗ്രസിനെ ചോദ്യം ചെയ്യാം വിമർശിക്കാം. പക്ഷെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.

വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

ഗാന്ധിയെ തുടച്ചു നീക്കാൻ പത്തെഴുപത്തിയഞ്ച് വർഷമായി കോൺഗ്രസുകാർ തന്നെ ശ്രമിക്കുന്നുവെന്ന കെ.ആർ മീരയുടെ വ്യാഖ്യാനം എന്തടിസ്ഥാനത്തിലാണെന്ന് മനസിലായതേയില്ല. അതുകൊണ്ട് തന്നെ മറുപടി പറയേണ്ടന്നാണ് ആദ്യം കരുതിയത്. ചരിത്ര സത്യങ്ങൾ വാക്കുകൾ കൊണ്ട് മായ്ക്കാനോ വ്യാഖ്യാനങ്ങൾ കൊണ്ട് മറയ്ക്കാനോ കഴിയില്ല. അതുകൊണ്ട് വസ്തുതകൾ പറഞ്ഞ് പോകാമെന്ന് കരുതി. സത്യം വിളിച്ചു പറയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ട സന്ദർഭങ്ങളിൽ നിശബ്ദത ഭീരുത്വമാകുന്നുവെന്ന് പറഞ്ഞതും ഗാന്ധിയാണ്.

നാഥുറാം ഗോഡ്സെ എന്ന അതിതീവ്ര ഹിന്ദുത്വവാദിയാണ് മഹാത്മാവിനെ വധിച്ചത്. ഗോഡ്സെ ഒരു പേരോ വ്യക്തിയോ അല്ല മറിച്ച് അതൊരു ആശയമാണ്. ഏറ്റവും വലിയ അനുഭൂതിയായ സ്വാതന്ത്രൃം ഒരു ജനതയ്ക്ക് നേടിക്കൊടുത്തതിന് മരണം പകരം ലഭിച്ച രക്തസാക്ഷിയാണ് ഗാന്ധിജി. സംഘ്പരിവാറിന് വെടിവച്ചിടാനേ കഴിഞ്ഞുള്ളൂ. മരണവും കടന്ന് തലമുറകളിയുടെ ഗാന്ധി ഇന്നും ജീവിക്കുന്നു.

ബിർള മന്ദിരത്തിൻ്റെ നടപ്പാതയിൽ തളം കെട്ടി നിന്ന ചോരയിൽ നിന്ന് ഒരാൾ അമരനായി ഉയിർക്കുന്നു. ഇന്നും ഇന്ത്യ എന്ന മണ്ണിൻ്റെ ആത്മാവാണ് ഗാന്ധിയും ഗാന്ധിസവും. അതിൻ്റെ പതാകാവാഹകരാണ് കോൺഗ്രസ്. ഗാന്ധിജിയുടെ മതേതരത്വത്തിൻ്റെ അടിസ്ഥാനം മാനവികതയാണ്. രാജ്യത്ത് മതേതരത്വം നിലനിന്ന് കാണണമെന്ന് ചിന്തിക്കുന്ന ആർക്കും കോൺഗ്രസിനെ തള്ളിക്കളയാനാകില്ല. ഇന്ത്യ എന്ന മഹത്തായ ആശയം കോൺഗ്രസില്ലാതെ പൂർണ്ണമാകുകയുമില്ല.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു! അവരെ കുറിച്ച് ചിലത് പറയാനുണ്ട്; തീക്ഷ്ണമായ സമര കാലത്ത് ബ്രിട്ടീഷുകാരുമായി സന്ധി ചെയ്ത് മാപ്പിരന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ അഞ്ചാം പത്തികളായിരുന്നു കമ്യൂണിസ്റ്റുകാർ. സായുധ വിപ്ലവത്തിലൂടെ നെഹ്റു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണവർ. ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ കാണിക്കുന്നത് പ്രകടനങ്ങളാണ്. അവർക്ക് ഇരുവർക്കും പങ്കിലമായ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ മറന്ന് കോൺഗ്രസിനെ ആക്രമിക്കുകയും അതുവഴി ഇടത്പക്ഷ രാഷ്ട്രീയത്തിൻ്റെ ഗുഡ് ബുക്കിൽ ഇടം നേടാനുമാണ് കെ.ആർ മീരയുടെ ശ്രമമെന്ന് ന്യായമായും സംശയിക്കാം.

തെരെഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആർ.എസ്.എസുമായി കൈകോർത്ത സി.പി.എമ്മിൻ്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു? ഇത്തരം ശക്തികളുമായി കോൺഗ്രസ് ഒരിക്കലും സന്ധി ചെയ്‌തിട്ടില്ല.

കോൺഗ്രസ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നുവെങ്കിൽ അതിൻ്റെ കാരണങ്ങളിൽ ഒന്ന് അതിശക്തമായ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നതു കൊണ്ടാണ്. ബി.ജെ.പിയെ പോലെ വിഭജനത്തിൻ്റെ രാഷ്ട്രീയമല്ല കോൺഗ്രസിൻ്റേത്. അത് ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ്. അധികാരത്തേക്കാൾ വലുതാണ് മതേതരത്വമെന്നതു കൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷത്തിരുന്ന് പോരാടുന്നത്. അതിനെ ലളിതവത്കരിക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് കെ.ആർ മീരയ്ക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ്?

നിരവധി മികച്ച എഴുത്തുകാരുള്ള സംസ്ഥാനമാണ് കേരളം. അതിൽ പലർക്കും പറ്റിപ്പോയത് അവർ മാർക്സിയൻ കാഴ്ചപ്പാട് കടം കൊള്ളുകയോ സ്വയം പ്രഖ്യാപിത മാർക്സിസ്റ്റ് ആയി മാറുകയോ ചെയ്തു എന്നുള്ളതാണ്. കേരളത്തിലെ സി.പി.എമ്മിൻ്റെ പൊളിറ്റിക്കൽ ഫ്രെയിമിൽ പെട്ടുപോയത് ചിലർക്ക് ഗുണം ചെയ്തു. ചിലർക്ക് വളരാൻ കഴിയാതെയും പോയി. സ്വതന്ത്ര ചിന്തയുള്ള എത്ര പേരാണ് സി.പി.എമ്മിൻ്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് സ്വയം ചുരുങ്ങിപ്പോയത്. ഇപ്പോഴും സി.പി.എമ്മിൻ്റെ വഴിയിലൂടെ നടന്ന് ലാഭങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ അത് അവരുടെ വഴി. പക്ഷേ അതിനു വേണ്ടി കോൺഗ്രസ് വഴിവെട്ടി നട്ടു നനച്ച് വളർത്തിയ രാജ്യത്തിൻ്റെ ചരിത്രത്തേയും രാഷ്ട്രശിൽപ്പികളുടെ അധ്വാനത്തേയും തെറ്റായി വ്യാഖ്യാനിക്കരുത്. കോൺഗ്രസിനെ അധിക്ഷേപിച്ച് ഇടതുപക്ഷത്തെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ അറിഞ്ഞോ അറിയാതെയോ സംഘ്പരിവാരിൻ്റെ വഴിയിലേക്കാണ് എത്തുന്നതെന്നും മക്കരുത്.

കോൺഗ്രസിന് കൃത്യമായ നിലപാടുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ അത് കാണാം. അതിനെ ചോദ്യം ചെയ്യാം വിമർശിക്കാം. അത് സഹിഷ്ണുതയോടെ കേൾക്കും. തെറ്റുണ്ടെങ്കിൽ തിരുത്തും. പക്ഷെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ല. അതാരായാലും ചെറുക്കും. അതിനെ പരാജയപ്പെടുത്തും.

മീററ്റില്‍ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് കെ ആര്‍ മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ' എന്നായിരുന്നു മീര പങ്കുവെച്ച കുറിപ്പ്. ഇതിനെതിരെ എഴുത്തുകാരായ ബെന്യാമിനും സുധാമേനോനും കോണ്‍ഗ്രസ് നേതാക്കളും അടക്കം രംഗത്തെത്തിയിരുന്നു.

കെ ആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്നായിരുന്നു ബെന്യാമിന്‍ അഭിപ്രായപ്പെട്ടത്. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടമാണെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബെന്യാമിന് മറുപടിയുമായി മീരയും രംഗത്തെത്തി. ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ടെന്നും തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണെന്നും മീര പറഞ്ഞിരുന്നു.

മീരയുടെ പോസ്റ്റ് വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമെന്നായിരുന്നു എഴുത്തുകാരി സുധാ മേനോന്റെ പ്രതികരണം. സംഘപരിവാര്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് മുക്തഭാരതത്തിന് ലെജിറ്റിമസി നല്‍കുന്ന മീരയുടെ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണെന്നും സുധാ മേനോന്‍ പറഞ്ഞിരുന്നു. മീരയുടെ പോസ്റ്റിന് താഴെ കമന്റായായിരുന്നു സുധാ മേനോന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് മീരയും മറുപടി നല്‍കിയിരുന്നു. ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാല്‍ കഞ്ഞികുടിക്കാന്‍ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നുമായിരുന്നു മീരയുടെ മറുപടി. ടി സിദ്ദിഖ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവ് രാജു പി നായരും പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കമന്റ് ചെയ്തിരുന്നു. 'ഫിക്ഷന്‍ എഴുതാന്‍ മീരയ്ക്ക് നല്ല കഴിവുണ്ടെന്നും ഈ പോസ്റ്റിലും അത് കാണാന്‍ കഴിയുന്നു എന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. 'പിണറായിസ്റ്റ് ആവാന്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളില്‍ എത്തിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ വിമര്‍ശനം.

content highlight- 'There are those who make the Left happy by insulting the Congress'; VD Satheesan against KR Meera

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us