കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ചാണക്യന്‍; സമുദായത്തെ ഒരുമിപ്പിച്ച് നിർത്തുന്ന മധ്യസ്ഥനെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

കുഞ്ഞാലിക്കുട്ടി നേരത്തെ പല വകുപ്പുകളും മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു

dot image

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ചാണക്യന്‍ തന്നെയാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. അത് എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി നേരത്തെ പല വകുപ്പുകളും മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'അദ്ദേഹം കേരളത്തിലെ പല വകുപ്പുകളും മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണത്തിന്, പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍, മുന്നണിയില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിവുള്ളയാളാണ് അദ്ദേഹമെന്ന് പലരും പറയാറുണ്ട്. രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് പരിചയമില്ലാത്തത് കൊണ്ട് നമുക്ക് കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല. സമുദായത്തില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിച്ച് ഒരുമിപ്പിച്ച് നിര്‍ത്താനുള്ള മധ്യസ്ഥനായി കുഞ്ഞാലിക്കുട്ടി സാഹിബിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.

സമസ്തയിലെ വിഷയങ്ങളിലും, എപി അബൂബക്കര്‍ മുസ്‌ലിയാറും സമസ്തയുമുണ്ടായ വിഷയങ്ങളിലുമെല്ലാം കുഞ്ഞാലിക്കുട്ടി സമവായം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരാണ് മുഖ്യമന്ത്രിയാകുക, ഉപമുഖ്യമന്ത്രിയായുകയെന്നത് മുസ്‌ലിം ലീഗ് നേതൃത്വത്തോടാണ് ചോദിക്കേണ്ടതാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷത്തെ നിയമസഭ തിരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദവി ലീഗ് ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Content Highlights: Abdul Samad Pookottur about Kunhalikkutty

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us