കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാമതെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ഭൂരിപക്ഷം കിട്ടിയാലല്ലേ മുഖ്യമന്ത്രിയാവുക. യുഡിഎഫ് മൂന്നാം മുന്നണിയായി മാറും. ബിജെപിയാണ് ഒന്നാമതായി വരാന്‍ പോകുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ബജറ്റ് അവതരണത്തിന് ശേഷം കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വ്യാപകരീതിയില്‍ പ്രചരിക്കുന്നുവെന്നും ഇത് തെറ്റാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഏത് വിഷയത്തിലായാലും കേന്ദ്രം കേരളത്തെ സഹായിച്ചു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവം. കേന്ദ്ര അവഗണനയല്ല കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ സഹായം ബിജെപി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബജറ്റില്‍ കേന്ദ്രം കേരളത്തെ അവഗണിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണ്. 10 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ 370 കോടി രൂപ ശരാശരി ഒരു വര്‍ഷം റെയില്‍വേ വികസനത്തിന് കിട്ടിയിട്ടുണ്ട്. ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാവാത്തതില്‍ കേന്ദ്രത്തിന് വീഴ്ചയില്ല. സംസ്ഥാന സര്‍ക്കാരാണ് പദ്ധതിക്ക് തടസ്സം നില്‍കുന്നത്. കേരളത്തിലെ എല്ലാ റെയില്‍വെ പദ്ധതികള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറാണ് ഇതുമായി സഹകരിക്കാത്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: BJP Will Win in next assembly election Said K Surendran