പൊലീസ് ഉദ്യോ​ഗസ്ഥന്റെ കൊലപാതകം; കൂസലില്ലാതെ പ്രതി, തെളിവെടുപ്പിനെത്തിച്ചപ്പോൾ മുഖംമിനുക്കി ഇറങ്ങി

ശ്യാമപ്രസാദിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം

dot image

കോട്ടയം: സിപിഒ ശ്യാമ പ്രസാദിന്റെ കൊലപാതകത്തിൽ പ്രതി ജിബിൻ ജോർജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോൾ തെല്ലും കൂസലില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നൽകിയത്. മുഖം മിനുക്കിയും മുടി ഒതുക്കിയും കാമറകൾക്ക് മുഖം കൊടുത്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി ശ്യാമ പ്രസാദിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പൊലീസിന് വിശദീകരിച്ചുകൊടുത്തു. വധശ്രമം, അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ് കോക്കാടൻ എന്ന് വിളിക്കുന്ന ജിബിൻ.

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ബാറുകളിൽ കയറി മറ്റുളളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കുന്നത് ജിബിന്റെ വിനോദമാണെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ പാറമ്പുഴ സ്വ​ദേശി വിനീതിനേയും സഹോദരനേയും മർദ്ദിച്ച കേസിൽ ജിബിനും സുഹൃത്തുക്കൾക്കുമെതിരെ ​ഗാന്ധി ന​ഗർ പൊലീസിൽ പരാതിയുണ്ട്.

തെളളകത്തെ ബാർ ഹോട്ടലിന് സമീപം എം സി റോഡിലുളള സാലി ശശിധരൻ എന്നയാളുടെ കടയിലാണ് തർക്കമുണ്ടായത്. ഇത് പരിഹരിക്കാനായി ശ്യാമ പ്രസാദ് അങ്ങോട്ട് എത്തിയപ്പോഴാണ് ജിബിൻ ജോർജ് ആക്രമിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിക്കുമ്പോൾ ജിബിന്റെ കൂടെ മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു. കട അടയ്ക്കാൻ സമ്മതിക്കാതെ ഇവർ കടയുടമ സാലിയുമായി തർക്കിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പൊലീസ് എത്തിയപ്പോൾ ജിബിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സാലി പറഞ്ഞു.

Also Read:

ശ്യാമപ്രസാദിന്റെ മരണത്തോടെ നിരാലംബരായിരിക്കുകയാണ് ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളും. ശ്യാമപ്രസാദിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഭാര്യ അമ്പിളി സമീപത്തെ ഹോട്ടലിൽ ജോലിക്ക് പോകുമായിരുന്നു. മൂത്തമകൾ ലക്ഷ്മി ഒൻപതാം ക്ലാസിലും മകൻ ശ്രീഹരി ആറിലും ഇളയമകൾ സേതുലക്ഷ്മി നാലാം ക്ലാസിലും പഠിക്കുന്നു.

പൊലീസിൽ ജോലിക്ക് കയറുന്നതിന് മുമ്പ് കെഎസ്ആർടിസിയിലും ഓട്ടോ ഡ്രൈവറായും ശ്യാമപ്രസാദ് ജോലി നോക്കിയിരുന്നു. പൊലീസിൽ ജോലി ലഭിച്ചപ്പോഴും തന്റെ ഓട്ടോ അദ്ദേഹം വിട്ടുകളഞ്ഞിരുന്നില്ല. ഓട്ടോയിൽ മക്കളെ സ്കൂളിൽ എത്തിച്ച ശേഷമായിരുന്നു ശ്യാമപ്രസാദ് ഡ്യൂട്ടിക്ക് എത്തിയിരുന്നത്. ഭാര്യപിതാവിനെ ആശുപത്രിയിൽ കാണിക്കാൻ അമ്പിളിയും ശ്യാമപ്രസാദും പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുടുംബത്തിന് തീരാദുഃഖം നൽകി ശ്യാമപ്രസാദിന്റെ മരണവാർത്ത വരുന്നത്.

നെഞ്ചിലേറ്റ പരിക്കാണ് പൊലീസുകാരൻ മരിക്കാന്‍ കാരണമായതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. ശ്വാസകോശത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതായും ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തി. കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഡ്രൈവറായാണ് ശ്യാമപ്രസാദ് ജോലി ചെയ്യുന്നത്.

Content Highlights: Police Officer Syamaprasad Murder Case Kottayam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us