തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നാൽ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും 60 ശതമാനത്തിലധികം തൊഴിലില്ലായ്മയും വാങ്ങൽശേഷി പൂർണമായും ഇല്ലാതാവുകയും ചെയ്താൽ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചു. എ ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ ഉയരുകയും ഇത് പിന്നീട് ചൂഷണങ്ങളിലേക്ക് വഴി വെയ്ക്കുമെന്നും എം വി ഗോവിന്ദൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ പറഞ്ഞു.
എ ഐ സംവിധാനം വഴി ഉണ്ടാകുന്നതെല്ലാം സ്വകാര്യ സമ്പത്തിൻ്റെ ഭാഗമാണെന്നും തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്നങ്ങളിലേക്ക് ഇത് വഴി വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന മുൻനിലപാടിൽ നിന്ന് പിന്മാറിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു നിലപാടും മാറിയിട്ടില്ലെന്നായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി.
‘ലോകത്തെല്ലായിടത്തും എ ഐ സംവിധാനം വ്യാപകമായി ഉപയോഗിച്ചുവരികയാണ്. എ ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്നവയെല്ലാം സ്വകാര്യ സമ്പത്തിന്റെ ഭാഗമാണ്. ചൈന പോലെയുള്ള രാജ്യങ്ങൾക്ക് ഒരുപരിധി വരെ അത് അവരുടെ സമ്പത്ത് വളർച്ചയ്ക്ക് കാരണമാകും. എന്നാൽ മുതലാളിത്ത സമൂഹത്തിൽ ആ സമ്പത്ത് മുഴുവൻ കുന്നുകൂടി കുത്തകകളുടെ കൈയിൽ എത്തിച്ചേരും. തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഇത് ഒരു പരിധി വരെ മനുഷ്യരെ മുന്നോട്ട് നയിക്കുന്നതിന് തടസ്സപ്പെടുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എ ഐ വളർന്നാൽ അത് സോഷ്യലിസത്തിലേക്കുള്ള വഴിയായിരിക്കുമെന്ന് നേരത്തെ എം വി ഗോവിന്ദൻ തളിപ്പറമ്പിൽ പറഞ്ഞിരുന്നു.
Content Highlights: CPM State Secretary MV Govindan said that if artificial intelligence comes, the wealth will be concentrated in one area, if unemployment is more than 60 percent and purchasing power is completely gone, then what will be the state of the country?