'കുറ്റിക്കാട്ടിൽ സിമ്മും ഫോണും ഉപേക്ഷിച്ചു, ആനയുടെ മുമ്പിൽ അകപ്പെട്ടു'; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി

'കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടിൽവെച്ച ശേഷം പിൻവശത്തുകൂടെ പുറത്തിറങ്ങി, ശേഷം പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നു'

dot image

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയുമായി പോത്തുണ്ടിയിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. വൻ പൊലീസ് സന്നാഹത്തിലാണ് ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയത്. ചെന്താമരയുമായി എത്തുന്നത് അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തു. ചെന്താമരയുടെ വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്.

ജനുവരി 27 ന് രാവിലെ താൻ കത്തി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവെന്ന് തെളിവെടുപ്പിൽ ചെന്താമര പൊലീസിനോട് പറഞ്ഞു. പ്രകോപനത്തിനിടെ ആക്രമിച്ചു. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നിൽ ആണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ ലക്ഷമിയെ ആക്രമിച്ചു. ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് കയറി. കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടിൽവെച്ച ശേഷം പിൻവശത്തുകൂടെ പുറത്തിറങ്ങി, ശേഷം താൻ വീടിനു സമീപത്തെ പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നുവെന്നും ചെന്താമര വിശദീകരിച്ചു. ഈ വഴികളിലൂടെയൊക്കെ ചെന്താമരയേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.

പാടവരമ്പത്ത് കുറ്റിക്കാട്ടിൽ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു. പാടവരമ്പത്തെ കമ്പിവേലി ചാടിക്കടന്ന് ആണ് വനത്തിലേക്ക് നടന്നത്. നാട്ടുകാരുടെ കണ്ണിൽ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെയും ഇറങ്ങി നടന്നു. വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെട്ടു, ആനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ട താൻ ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും ചെന്താമര വിശദീകരിച്ചു. തെളിവെടുപ്പ് നടക്കുന്നതിനാൽ 200ലധികം പൊലീസ് ഉദ്യോഗസ്ഥരെ ബോയന്‍ നഗര്‍ മേഖലയില്‍ വിന്യസിച്ചിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.

തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

Content Highlights: Nenmara case Chentamara s evidence collection Completed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us