കൊച്ചി: സി എസ് ആർ ഫണ്ടിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണന്റെ ഫ്ലാറ്റിൽ രാഷ്ട്രീയ നേതാക്കൾ സ്ഥിരം സന്ദർശകരെന്ന് ഫ്ലാറ്റ് കെയർ ടേക്കറും സെക്യൂരിറ്റിയും. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും ഫ്ലാറ്റിൽ വരാറുണ്ട്. പൊലീസ് എത്തുന്നതിന് മുമ്പ് അനന്തു കൃഷ്ണൻ തന്റെ ജീവനക്കാരെ ഉപയോഗിച്ച് ഫയലുകൾ ഫ്ലാറ്റിൽ നിന്ന് മാറ്റി എന്നും കെയർ ടേക്കറും സെക്യൂരിറ്റിയും റിപ്പോർട്ടറിനോട് പറഞ്ഞു. ഫയലുകൾ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം റിപ്പോർട്ടിന് ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ വിവിധ നേതാക്കൾക്കൊപ്പമുളള ഫോട്ടോ അനന്തു കൃഷ്ണൻ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണനെ റിമാൻഡ് ചെയ്തിട്ടുണ്ട്. ജയിലിൽ നിന്നും വന്നാൽ സ്കൂട്ടർ വിതരണം നടത്തുമെന്നും ആരും പുതിയ കേസുകൾ കൊടുക്കരുതെന്നുമുള്ള ഇയാളുടെ ഓഡിയോ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.
പകുതിവിലയ്ക്ക് സ്ത്രീകൾക്ക് സ്‌കൂട്ടർ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരിൽ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാൽ ബാക്കി പകുതി തുക കേന്ദ്രസർക്കാർ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആർ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകൾ വിശ്വസിച്ച സ്ത്രീകൾ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയത്.
ടൂവീലറിന് പുറമേ, തയ്യൽ മെഷീൻ, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.
പണം നൽകി 45 ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങൾ തിരക്കി. ദിവസങ്ങൾക്കുള്ളിൽ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാൾ നൽകിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
Content Highlights: Politicians Visit Ananthu Krishnan Flat Scooter Scheme Scam