തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഡയസ്നോൺ പ്രഖ്യാപനം വിലപ്പോകില്ലെന്ന നിലപാടിലാണ് സമരരംഗത്തുള്ള ടിഡിഎഫ്.
പണിമുടക്കിൻ്റെ ഭാഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകൾ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളിൽ പ്രവർത്തകർ ബസ് തടഞ്ഞു. പ്രതിഷേധവുമായി ടിഡിഎഫ് പ്രവർത്തകർ ബസ് ഡിപ്പോകളിൽ എത്തിതുടങ്ങിയിട്ടുണ്ട്.
ഇതിനിടെ സമരം നേരിടാനുള്ള നടപടികളുമായി കെഎസ്ആർടിസി മാനേജ്മെൻ്റും മുന്നോട്ട് പോകുകയാണ്. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ നിർദ്ദേശം. ഡയസ്നോൺ കർശനമാക്കി നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. സിവിൽ സർജൻ്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിർദ്ദേശം.
12 പ്രധാനആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് സമരകാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴും മാസം പകുതിയാകുന്നതോടെയാണ് ശമ്പളം നൽകുന്നതെന്നാണ് പരാതി. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ടിഡിഎഫ് നേതൃത്വത്തിൻ്റെ പ്രതികരണം.
Content Highlights: Strike begins at KSRTC,TDF workers stop buses