'കെഎസ്ആർടിസിയിലെ ഇന്നത്തെ സമരം പൊളിഞ്ഞു പാളീസായി, ഇത് ജീവനക്കാരുടെ സ്നേഹത്തിന്‍റെ തെളിവ്'; കെ ബി ഗണേഷ് കുമാർ

ഇന്ന് ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരോടും മന്ത്രി എന്ന നിലയിൽ നന്ദി അറിയിക്കുന്നുവെന്ന് കെ ബി ഗണേഷ് കുമാർ

dot image

കൊച്ചി: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് സംഘടിപ്പിച്ച പണിമുടക്ക് സമരത്തിനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നത്തെ സമരം പൊളിഞ്ഞു പാളീസായെന്നും ജീവനക്കാർ തന്നെ എത്ര സ്നേഹിക്കുന്നു എന്നതിൻ്റെ തെളിവാണിതെന്നും ഗണേഷ് കുമാർ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും ഇന്ന് ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരോടും മന്ത്രി എന്ന നിലയിൽ നന്ദി അറിയിക്കുന്നുവെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് സമരത്തിൻ്റെ തോൽവിയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ശമ്പളം ഒരുമിച്ച് നൽകാമെന്ന് പറഞ്ഞതിന് ശേഷം കൃത്യമായി കൊടുത്തിട്ടുണ്ട്. ഒന്നാം തീയതി ശമ്പളം തരാമെന്ന് പറഞ്ഞതാണ്, ശ്വാസം എടുക്കാൻ സമയം തരണം. അതിന് മുൻപ് സമരവുമായി വരരുത്. സാധാരണയിലും കൂടുതലാണ് ഇന്നത്തെ സ്ത്രീ ജീവനക്കാരുടെ ഹാജർ. കെ എസ് ആ‌‍‍ർ ടി സിയെ തകർക്കാനുള്ള ശ്രമം ജനങ്ങളും വലിയ വിഭാ​ഗം ജീവനക്കാരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തിയെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

ഇന്നലെ അർധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിൻ്റെ ഭാ​ഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകൾ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട്‌ ഡിപ്പോകളിൽ പ്രവർത്തകർ ബസ് തടഞ്ഞു.

ഇതിനിടെ സമരം നേരിടാനുള്ള നടപടികളുമായി കെഎസ്ആർടിസി മാനേജ്മെൻ്റും മുന്നോട്ട് പോകുകയാണ്. താൽക്കാലിക ജീവനക്കാരെ ഉപയോ​ഗിച്ച് പരമാവധി സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ നിർദ്ദേശം. ഡയസ്നോൺ കർശനമാക്കി നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. സിവിൽ സർജൻ്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർ‌ട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിർദ്ദേശം.

12 പ്രധാനആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചിരുന്നത്. ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ​ഗതാ​ഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് സമരകാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴും മാസം പകുതിയാകുന്നതോടെയാണ് ശമ്പളം നൽകുന്നതെന്നാണ് പരാതി. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ടിഡിഎഫ് നേതൃത്വത്തിൻ്റെ പ്രതികരണം.

Content highlight- 'Today's strike has ended and it is a proof of how much the employees love me'; Ganesh Kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us