'അഴിമതിയുടെ പാപഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭമുണ്ടാകും, ടോൾ പിരിവ് അനുവദിക്കില്ല'

സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ്

dot image

തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതെല്ലാം ജനങ്ങള്‍ക്ക് മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. വന്‍കിട പദ്ധതികളുടെ നടത്തിപ്പിനായി വിഭാവനം ചെയത കിഫ്ബി പക്ഷെ പൊതുമരാമത്ത് വകുപ്പ് ചെയ്തുകൊണ്ടിരുന്ന സാധാരണ പ്രവൃത്തികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സഞ്ചിതനിധിയില്‍ നിന്നാണ് കിഫ്ബിക്ക് പണം നല്‍കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണ്', വി ഡി സതീശന്‍ പറഞ്ഞു.

കിഫ്ബിയിലെ തെറ്റായ ധനകാര്യ മാനേജ്മെന്റും ധൂര്‍ത്തും വരുത്തിവച്ച ബാധ്യതയുടെ പാപഭാരമാണ് ജനങ്ങളുടെ തലയില്‍ ചുമത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴും പ്രതിപക്ഷം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെന്‍ഷന്‍ നല്‍കാനെന്ന വ്യാജേന ഇന്ധന സെസിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ റോഡുകളുടെയും പാലങ്ങളുടെയും ഉപയോഗത്തിനു കൂടി പണം ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

Content Highlights: V D Satheesan criticize government on Toll collection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us