തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പ്രതികരണവുമായി സ്പീക്കർ എ എൻ ഷംസീറും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം, എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം. എഐ യെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും സ്പീക്കർ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം.
ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസമാണെന്നും എ എൻ ഷംസീർ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ സ്പേസ് നമ്മളെ സ്വാധീനിക്കുന്നു. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ് ആണ്. ടെസ്‌ല മേധാവി ഇലോൺ മസ്ക് ആണ് രണ്ടാമത്തെ ജന്മി എന്നും അദ്ദേഹം വിമർശിച്ചു.
എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന് എം വി ഗോവിന്ദൻ നേരത്തെ എ ഐയെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞിരുന്നു. അത് എങ്ങനെയാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. 'എ ഐ മൂത്ത് വന്നാൽ മാർക്സിസത്തിന് എന്താണ് പ്രസക്തി എന്ന് സഖാക്കൾ ചോദിക്കുന്നുണ്ട്. എഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60% കുറയും. അപ്പോള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുക. ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരും. മുതലാളിത്തത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതാകും. സ്വത്ത് വാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുക', എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുന്നത് മൗലികമായ മാറ്റത്തിന് കാരണമാകുമെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തെയാണ് മാര്‍ക്‌സ് സമ്പത്തിന്റെ വിഭജനമെന്ന് പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എ ഐയുടെ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാൽ ഇത് വിവാദമായതിന് പിന്നാലെ എം വി ഗോവിന്ദൻ തിരുത്തുകയും എ ഐയെ വിമർശിക്കുകയും ചെയ്തിരുന്നു.
എ ഐ സംവിധാനം വഴി ഉണ്ടാകുന്നതെല്ലാം സ്വകാര്യ സമ്പത്തിൻ്റെ ഭാഗമാണെന്നും തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്നങ്ങളിലേക്ക് ഇത് വഴി വെയ്ക്കുമെന്നും എം വി ഗോവിന്ദൻ തിരുത്തുകയുണ്ടായി. എ ഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന മുൻനിലപാടിൽ നിന്ന് പിന്മാറിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു നിലപാടും മാറിയിട്ടില്ലെന്നായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി.
'ലോകത്തെല്ലായിടത്തും എ ഐ സംവിധാനം വ്യാപകമായി ഉപയോഗിച്ചുവരികയാണ്. എ ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്നവയെല്ലാം സ്വകാര്യ സമ്പത്തിന്റെ ഭാഗമാണ്. ചൈന പോലെയുള്ള രാജ്യങ്ങൾക്ക് ഒരു പരിധി വരെ അത് അവരുടെ സമ്പത്ത് വളർച്ചയ്ക്ക് കാരണമാകും. എന്നാൽ മുതലാളിത്ത സമൂഹത്തിൽ ആ സമ്പത്ത് മുഴുവൻ കുന്നുകൂടി കുത്തകകളുടെ കൈയിൽ എത്തിച്ചേരും. തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഇത് ഒരു പരിധി വരെ മനുഷ്യരെ മുന്നോട്ട് നയിക്കുന്നതിന് തടസ്സപ്പെടുത്തും', എന്നായിരുന്നു എം വി ഗോവിന്ദൻ്റെ തിരുത്തിയ നിലപാട്.
Content Highlights: Speaker A N Shamseer Criticizing Musk and Mark Zuckerburg also AI