അനന്തു കൃഷ്ണന്‍ പ്രതിയായ തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റ് പ്രതി

ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്

dot image

കണ്ണൂര്‍: സ്ത്രീകള്‍ക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റ് പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസിലാണ് കോൺഗ്രസിൻ്റെ വനിതാ നേതാവും പ്രതിയായിരിക്കുന്നത്. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളുണ്ട്. ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.

അതേസമയം സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണന്‍ നടത്തിയ വന്‍കിട തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.

പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തു കൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. സംസ്ഥാനത്താകെ 350 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണന്‍ നടത്തിയെന്നാണ് പ്രാഥമിക വിവരം.

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.

Content Highlight: Ananthu Krishnan fraud case Congress leader Lali Vincent is also accused

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us