പകുതി വില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സന്റെന്ന് എൻജിഒ കോൺഫെഡറേഷൻ ചെയര്‍മാൻ

ഒന്നര വര്‍ഷം മുമ്പ് താന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചുവെന്നും പണമിടപാട് തന്റെ നേതൃത്വത്തില്‍ നടന്നിട്ടില്ലെന്നും ആനന്ദകുമാര്‍

dot image

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ പ്രതികരണവുമായി എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാര്‍. ഒന്നര വര്‍ഷം മുമ്പ് താന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചുവെന്നും പണമിടപാട് തന്റെ നേതൃത്വത്തില്‍ നടന്നിട്ടില്ലെന്നും ആനന്ദകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സായിഗ്രാമിന്റെ പേര് അനന്തു കൃഷ്ണന്‍ ഉപയോഗിച്ചു. അനന്തു എത്തിയത് ലാലി വിന്‍സെന്റിന്റെ കൂടെയാണ്. ലാലി വിന്‍സെന്റ് പരിചയപ്പെടുത്തിയതുകൊണ്ടാണ് സംഘടനയില്‍ ചേര്‍ത്തത്. ഇല്ലെങ്കില്‍ സംഘടനയില്‍ ചേര്‍ക്കില്ലായിരുന്നു. സിഎസ്ആര്‍ ഫണ്ട് അനന്തുവിന്റെ കമ്പനിക്ക് കിട്ടില്ല. സംഘടന ഉണ്ടാക്കിയത് എന്‍ജിഒകളുടെ പ്രവര്‍ത്തനത്തിനാണ്, അല്ലാതെ പണപ്പിരിവിന് അല്ലെന്നും ആനന്ദകുമാര്‍ പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തുകൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. സംസ്ഥാനത്താകെ 350 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണന്‍ നടത്തിയെന്നാണ് പ്രാഥമിക വിവരം.

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തുകൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.

content highlight- 'Ananthu was added to the organization because of Lalivincent's introduction'; Confederation Chairman KN Ananthakumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us