തട്ടിപ്പിൻ്റെ 'അനന്തു' ലോകം; എഎൻ രാധാകൃഷ്ണനും ലാലി വിൻസെൻ്റുമായും അടുത്ത ബന്ധം

അനന്തുവിന്റെ സന്നദ്ധ സംഘടനയുടെ ലീഗല്‍ അഡൈ്വസറാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്

dot image

കൊച്ചി: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമെന്നതിന് കൂടുതല്‍ തെളിവുകൾ പുറത്ത്. രാഷ്ട്രീയ ഭേദമന്യേയാണ് അനന്തു കൃഷ്ണന്‍ നേതാക്കളെ തന്റെ തട്ടിപ്പില്‍ ഉള്‍പ്പെടുത്തിയത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റുമായി അനന്തുവിന് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അനന്തു കോര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷനുമായി എ എന്‍ രാധാകൃഷ്ണന്‍ സഹകരിച്ചു. എ എന്‍ രാധാകൃഷ്ണന്റെ 'സൈന്‍' എന്ന സന്നദ്ധ സംഘടന കോണ്‍ഫഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി സംബന്ധിച്ച ചര്‍ച്ചകള്‍ അനന്തുവിന്റെ ഫ്‌ളാറ്റില്‍ നടന്നിരുന്നുവെന്നാണ് അവിടുത്തെ കെയര്‍ടേക്കര്‍മാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

സായിഗ്രാം സന്നദ്ധ സംഘത്തിന്റെ ചെയര്‍മാന്‍ അനന്തകുമാറാണ് കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍. സീഡ് എന്നായിരുന്നു അനന്തുവിന്റെ സന്നദ്ധ സംഘടനയുടെ പേര്. ഈ സംഘടനയുടെ ലീഗല്‍ അഡൈ്വസറാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. മറൈന്‍ ഡ്രൈവിലെ അനന്തുവിന്റെ മൂന്ന് ഫ്‌ളാറ്റിലെ താക്കോല്‍ കൈകാര്യം ചെയ്തത് ലാലി വിന്‍സെന്റായിരുന്നുവെന്ന് ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ നേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ അനന്തുവിന് സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവരുമായി അനന്തുവെടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിലൂടെ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റാന്‍ അനന്തുവിന് സാധിച്ചു. എന്നാല്‍ നിലവില്‍ എഎന്‍ രാധാകൃഷ്ണനും ലാലി വിന്‍സെന്റും തമ്മിലുള്ള അടുത്ത ബന്ധം മാത്രമേ പുറത്ത് വന്നിട്ടുള്ളു.

മറ്റുള്ള ഭരണ-പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ അനന്തുവിന്റെ വ്യാജ വാക്കുകളില്‍ വീണു പോയവരാണ്. ജനങ്ങള്‍ക്ക് ഉപകാരമുള്ള പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് അനന്തു കൃഷ്ണന്‍ രാഷ്ട്രീയ നേതാക്കളെ പറ്റിച്ചതും പരിപാടികളുടെ മുഖ്യാതിഥികളായി കൊണ്ടുവന്നതും. നേതാക്കളുടെ മുഖം വിറ്റാണ് ഇയാള്‍ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയത്. മന്ത്രിമാരെത്തുന്ന പരിപാടികള്‍ തേടിപ്പിടിച്ചെത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതി ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞ് ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെയുള്ള ഇയാളുടെ തട്ടിപ്പിനിരകളായിട്ടുണ്ട്.

Content Highlights: CSR Fund case accused Ananthu Krishnan have deep relation between political leaders

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us