'അനന്തു തിരഞ്ഞെടുപ്പ് ഏജന്റായിരുന്നില്ല, പല പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തു'; ജെ പ്രമീളാദേവി

'അനന്തുകൃഷ്ണനുമായി സാമ്പത്തിക ഇടപാടുകളില്ല'

dot image

കൊച്ചി: സിഎസ്ആർ ഫണ്ടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ തന്റെ ഇലക്ഷൻ ഏജന്റായിരുന്നില്ല എന്ന് ബിജെപി നേതാവ് ജെ പ്രമീളാദേവി റിപ്പോർട്ടറിനോട്. അനന്തു കൃഷ്ണനെ തനിക്ക് അറിയാം. പല പരിപാടികളിലും തങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. വനിതാ കമ്മീഷൻ അംഗം ആയിരുന്നപ്പോളാണ് പരിചയം. വിശ്വസ്തനാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന സമിതിയം​ഗമായ ഗീതാകുമാരിയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ജെ പ്രമീളാദേവി പറഞ്ഞു.

ഗീതാകുമാരി തന്നോട് ചോദിച്ചല്ല പണം കൊടുത്തത് എന്നും പ്രമീള ദേവി പറഞ്ഞു പണം നഷ്ടമായത് പിന്നീടാണ് അറിഞ്ഞത്. അനന്തുകൃഷ്ണനുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ല. വാർത്തകളിലൂടെയാണ് താൻ അനന്തുവിന്റെ സ്കൂട്ടർ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. എ എൻ രാധാകൃഷ്ണന്റെ സംഘടനയുടെ ബന്ധത്തെക്കുറിച്ചും തനിക്ക് അറിവില്ലെന്നും പ്രമീളദേവി വ്യക്തമാക്കി.

അനന്തു പ്രമീളദേവിയുടെ വിശ്വസ്തനാണെന്ന് ​ഗീതാകുമാരി ആരോപിച്ചിരുന്നു. അനന്തു തന്നിൽ നിന്നും പലതവണയായി 25 ലക്ഷം തട്ടി. പ്രമീളദേവിയുടെ പി എ ആയിരിക്കെയാണ് തന്റെ പക്കലിൽ നിന്നും പണം വാങ്ങിയത്. അവരുടെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു അനന്തു.പ്രമീളദേവിയും തന്റെ ബിസിനസിൽ ഉണ്ടെന്ന് അനന്തു തന്നോട് പറഞ്ഞതായും ​ഗീതകുമാരി പറഞ്ഞിരുന്നു.

അതേസമയം തട്ടിപ്പിന് നേതൃത്വം നൽകിയ കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷാണ് വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുണ്ട്. ഷീബാ സുരേഷ് നിരവധി പേരെ പദ്ധതിയിൽ ചേർത്തിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല ഷീബയ്ക്കായിരുന്നു. ഷീബാ സുരേഷ് കോർഡിനേറ്റർമാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സംഭാഷണം റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്.

അനന്തുകൃഷ്ണന്‍ നടത്തിയ തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.

പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തു കൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. സംസ്ഥാനത്താകെ 350 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണന്‍ നടത്തിയെന്നാണ് പ്രാഥമിക വിവരം.

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.

Content Highlights: BJP Leader J Prameela Devi Said She Know Anandhu Krishnan CSR Fund Scam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us