കെ കവിതയോടൊപ്പം താന്‍ വേദി പങ്കിട്ടെന്ന വാര്‍ത്ത അസത്യം; എം ബി രാജേഷ്

കേരള നിയമസഭ സംഘടിപ്പിച്ച വനിതാ അസംബ്ലിയിലെ ക്ഷണിതാവായിരുന്ന കവിത ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

dot image

തിരുവനന്തപുരം: മദ്യനിര്‍മാണ കമ്പനിയായ ഒയാസിസുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ബിആര്‍എസ് നേതാവ് കെ കവിതയുമായി താന്‍ വേദി പങ്കിട്ടെന്ന വാര്‍ത്ത അസത്യമാണെന്ന് മന്ത്രി എം ബി രാജേഷ്. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ അസംബ്ലിയിലെ ക്ഷണിതാവായിരുന്ന കവിത ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ലെന്നും എം ബി രാജേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എം ബി രാജേഷിന്റെ പ്രതികരണം.

എം ബി രാജേഷിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം

മനോരമയില്‍ ഇന്ന് എന്നെക്കുറിച്ച് വന്ന വാര്‍ത്ത തികഞ്ഞ അസത്യമാണ്. ഞാന്‍ സ്പീക്കറായിരിക്കെ നിയമസഭയില്‍ സംഘടിപ്പിച്ച വനിതാ അസംബ്ലിയില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിത 2022 മെയ് 27 ന് ഒരു സെഷനില്‍ എന്നോടൊപ്പം പങ്കെടുത്തു എന്നാണ് വാര്‍ത്ത. അണ്ടര്‍ റെപ്രസെന്റേഷന്‍ ഓഫ് വിമന്‍ ഇന്‍ ഡിസിഷന്‍ മേക്കിങ് ബോഡീസ് എന്ന സെഷനിലായിരുന്നത്രേ ഒന്നിച്ച് പങ്കെടുത്തത്. തീര്‍ത്തും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമായ ഒരു വാര്‍ത്ത പ്രതിപക്ഷത്തിനെ സഹായിക്കാനായി നല്‍കിയതാണെന്ന് വേണം സംശയിക്കാന്‍. മനോരമ പറയുന്ന പരിപാടിയെക്കുറിച്ചുള്ള 2022 മെയ് 28 ലെ മനോരമയുടെ തന്നെ വാര്‍ത്തയും ചിത്രവും ഇവിടെ കൊടുക്കുന്നു. ഈ വാര്‍ത്തയില്‍ എവിടെയെങ്കിലും കവിത എന്ന പേരുണ്ടോ? ഇത്രയും പ്രധാനപ്പെട്ട ഒരാളുടെ പേര് എങ്ങനെ മനോരമ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളും ഒഴിവാക്കും? ഇന്നത്തെ വാര്‍ത്ത അസത്യമെന്നതിന് അന്നത്തെ മനോരമ തന്നെ തെളിവ്. സഭാ ടിവിയില്‍ അന്ന് പ്രസിദ്ധീകരിച്ച ഈ ചര്‍ച്ചയുടെ വീഡിയോയുടെ ലിങ്കും സ്‌ക്രീന്‍ ഷോട്ടും ഇവിടെ നല്‍കാം. ഇതില്‍ എവിടെയാണ് കവിതയുള്ളത്? പ്രാസംഗികരുടെ പേര് ബാക്ക്ഗ്രൗണ്ടിലെ സ്‌ക്രീനിലുണ്ട്, അതില്‍ കവിതയുടെ പേര് പോലുമില്ല. കവിതയുടെ സാന്നിദ്ധ്യത്തില്‍ ഈ സെഷനില്‍ ഞാന്‍ പ്രസംഗിച്ചുവെന്നാണ് മനോരമയുടെ കണ്ടെത്തല്‍. വീഡിയോ പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്കൊപ്പം ഞാന്‍ സദസ്സില്‍ ഇരിക്കുന്നത് കാണാനാവും, വേദിയില്‍ പോലും കയറിയിട്ടില്ലെന്നും. വനിതാ അസംബ്ലിയിലേക്ക് ക്ഷണിച്ച 133 വനിതാ ജനപ്രതിനിധികളില്‍ ഒരാളായിരുന്ന കവിത, അന്ന് പരിപാടിക്കേ എത്തിയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ മനോരമ ഞങ്ങള്‍ ഒരുമിച്ച് വേദിയില്‍ ഇരിക്കുന്നതും പ്രസംഗിക്കുന്നതും കണ്ടു!

എഥനോള്‍ പ്ലാന്റ് കൊണ്ടുവരാന്‍ കേരള നിയമസഭാ സ്പീക്കര്‍ തെലങ്കാന എം എല്‍ സിയുമായി ചര്‍ച്ച നടത്തി എന്നാണോ മനോരമ സങ്കല്‍പ്പിക്കുന്നത്?

പ്രതിപക്ഷനേതാവ് ഒരു വ്യാജ ആരോപണം ഉന്നയിക്കുന്നു. അതിന് ബലം നല്‍കാന്‍ മനോരമ ഒരു ഇല്ലാക്കഥ സൃഷ്ടിക്കുന്നു. ആ കഥയ്ക്ക് പൊടിപ്പും തൊങ്ങലും ചാര്‍ത്തി പിന്നീട് പ്രതിപക്ഷം പ്രചരണം നടത്തുന്നു. ഇങ്ങനെയാണ് ഇടതുവിരുദ്ധ അച്ചുതണ്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയൊക്കെയാണ് പ്രതിപക്ഷവും മാധ്യമങ്ങളും കള്ളക്കഥകള്‍ പടച്ചുവിടുന്നത്.

ഇനി 2022 ല്‍ ഞാന്‍ സ്പീക്കറായിരിക്കെ അവര്‍ പരിപാടിയില്‍ പങ്കെടുത്തു എന്നുതന്നെ കരുതുക. എങ്കില്‍ തന്നെ അതിലെന്താണ് ഇപ്പോള്‍ വാര്‍ത്ത? അപ്പോള്‍ അങ്ങനെയുണ്ടാവാതെ തന്നെ വാര്‍ത്ത കൊടുക്കുന്നതിന്റെ ദുഷ്ടലാക്ക് എത്രത്തോളമുണ്ട്?

മനോരമയ്ക്ക് ദുരുദ്ദേശമില്ലായിരുന്നുവെങ്കില്‍ നാളെ വാര്‍ത്ത തെറ്റായിരുന്നുവെന്നും പിന്‍വലിക്കുന്നുവെന്നും തുല്യ പ്രധാന്യത്തില്‍ അവര്‍ പ്രസിദ്ധീകരിക്കണം. നോക്കാം മനോരമ എന്ത് ചെയ്യുമെന്ന്.

വാല്‍ക്കഷണം: ഒരു രഹസ്യവിവരം കൂടി മനോരമയെ അറിയിക്കട്ടെ. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം കുറച്ചുകാലം ഹൈദരാബാദ് നഗരത്തില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. അന്നു മുതലേ തുടങ്ങിയതാണ് എഥനോള്‍ പ്ലാന്റ് നിര്‍മിക്കാനുള്ള ഗൂഢാലോചന എന്നു പറഞ്ഞ് വാര്‍ത്ത കൊഴുപ്പിക്കാവുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us