'റാഗിങ് പരാതി പിആർ സ്റ്റണ്ട്; അമ്മയും ബന്ധുക്കളും പറയുന്നതിൽ വൈരുദ്ധ്യം'; മിഹിറിന്റെ മരണത്തിൽ പിതാവ്

'കുട്ടി മരിക്കുന്നതിന് തൊട്ടുമുൻപ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നു. അത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്'

dot image

കൊച്ചി: തൃപ്പുണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാ‍‍‍‍ർത്ഥി മിഹിറിന്റെ മരണത്തിൽ ദു​രൂ​ഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്. സ്കൂളിൽ നിന്ന് എത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ആ സമയം ആരൊക്കെ അപാർട്ട്മെന്റിൽ ഉണ്ടായിരുന്നു എന്ന് അറിയണം. കുട്ടി മരിക്കുന്നതിന് തൊട്ടുമുൻപ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നു. അത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മിഹിറിന്റെ പിതാവ് പറഞ്ഞു.

മി​ഹിറിന്റെ അമ്മയും ബന്ധുക്കളും പറഞ്ഞതിൽ വൈരുധ്യമുണ്ടെന്നും പിതാവ് ആരോപിച്ചു. റാ​ഗിങ് പരാതി പിആർ സ്റ്റണ്ടിന്റെ ഭാ​ഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജെംസ് സ്കൂളിൽ നിന്ന് മി​ഹിറിനെ മാറ്റിയത് അവന്റെ താത്പര്യമില്ലാതെയാണ്. മിഹിറിനെ സ്കൂളിൽ നിന്ന് മാറ്റിയ വിവരം തന്നെ അറിയിച്ചിരുന്നില്ല. മിഹിർ വിഷാദത്തിൽ ആയിട്ടും കൗൺസിലിംഗ് നൽകിയില്ല. അവന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പറഞ്ഞു. മി​ഹിറുമായുള്ള ചാറ്റിങ് സ്ക്രീൻ ഷോട്ടുകളും പിതാവ് പുറത്തുവിട്ടു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് മിഹിർ ചാറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ അഹമ്മദ് താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

സ്‌കൂള്‍ ബസില്‍വെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. ക്ലോസെറ്റില്‍ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതിന് പുറമേ ടോയ്‌ലറ്റില്‍ നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാര്‍ത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു. മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോര്‍ മിഹിര്‍' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും ഇത് പിന്നീട് അപ്രത്യക്ഷമായതും കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight : Contradiction in what the mother and relatives said; Father accuses the death of a school student in Tripunithura of mystery

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us