തിരുവനന്തപുരം: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കുറ്റവാളികളെ പോലെ തിരിച്ചയച്ച അമേരിക്കന്‍ നടപടിയില്‍ മൗനം പാലിക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കുടിയേറി എന്ന കാരണത്താല്‍ ആരും അപമാനിതരാക്കപ്പെടരുത് എന്ന് അമേരിക്കയോട് പറയാന്‍ നട്ടെല്ലും ധൈര്യവും വേണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഹരീഷ് വാസുദേവൻ്റെ വിമർശനം.
കുടിയേറ്റക്കാര്‍ ക്രിമിനലല്ലെന്ന് പറയുന്ന കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് ഹരീഷ് ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്. 'പണ്ട് ഇന്ത്യയ്‌ക്കെതിരെ ഏഴാം കപ്പല്‍പ്പടയെ അയയ്ക്കുമെന്ന് പറഞ്ഞു പേടിപ്പിക്കാന്‍ നോക്കിയ അമേരിക്കയോട്, വന്നപോലെ മടങ്ങില്ലെന്ന് തിരിച്ചടിക്കാന്‍ ധൈര്യമുണ്ടായിരുന്ന ഇന്ദിരയെപ്പോലെയുള്ളവര്‍ ഇരുന്ന കസേരയിലാണല്ലോ ഈ ഭീരു ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അപമാനം തോന്നുന്നുണ്ട്.. ഭരണഘടനയുടെ ആമുഖത്തില്‍ Dignity of individual കഴിഞ്ഞാണ് Integrity of the Nation പോലും.. എന്നിട്ടാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് 104 അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലെത്തിയത്. 40 മണിക്കൂറിലധികം നീണ്ട സൈനിക വിമാനത്തിലെ യാത്രയില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ചതിനാല്‍ തന്നെ ഭക്ഷണം പോലും നല്ല രീതിയില്‍ കഴിക്കാന്‍ സാധിച്ചില്ലെന്ന് തിരികെ വന്നവര്‍ ആരോപിച്ചിരുന്നു. കൈകള്‍ വിലങ്ങണിയിച്ചും കാലുകളില്‍ ചങ്ങലയിട്ടുമാണ് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്. ശുചിമുറിയില്‍ ഇഴഞ്ഞാണ് പോയതെന്നും തിരികെയെത്തിയവര്‍ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുടിയേറി എന്ന കാരണത്താല്‍ ആരും അപമാനിതരാക്കപ്പെടരുത് എന്ന് പറയാന്‍ മനുഷ്യത്വം വേണം. അമേരിക്കയോടിത് പറയാന്‍ നട്ടെല്ലും ധൈര്യവും വേണം. രാഷ്ട്രത്തലവന്‍മാര്‍ക്ക് അവരുടെ രാജ്യത്തെ മനുഷ്യരോടും അവരുടെ അന്തസ്സിനോടും ഉണ്ടാകുന്ന കരുതലുണ്ടല്ലോ- ഇന്ത്യയിലെ പ്രധാനമന്ത്രിക്ക് ഇദ്ദേഹത്തിന്റെയൊന്നും ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ?
പണ്ട് ഇന്ത്യയ്‌ക്കെതിരെ ഏഴാം കപ്പല്‍പ്പടയെ അയയ്ക്കുമെന്ന് പറഞ്ഞു പേടിപ്പിക്കാന്‍ നോക്കിയ അമേരിക്കയോട്, വന്നപോലെ മടങ്ങില്ലെന്ന് തിരിച്ചടിക്കാന്‍ ധൈര്യമുള്ള ഇന്ദിരയെപ്പോലെയുള്ളവര്‍ ഇരുന്ന കസേരയിലാണല്ലോ ഈ ഭീരു ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അപമാനം തോന്നുന്നുണ്ട്..
ഭരണഘടനയുടെ ആമുഖത്തില്‍ Dignity of individual കഴിഞ്ഞാണ് Integrity of the Nation പോലും.. എന്നിട്ടാണ്.
അധികാരത്തോട് നാണംകെട്ട അടിമപ്പണി ചെയ്യുന്ന മുഖ്യധാരാ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതൊരു പ്രധാന ചര്‍ച്ച പോലുമാക്കിയില്ല. ഒളിച്ചോടി മൈ പ്രണ്ട് കുമ്പമേളയില്‍ മുങ്ങാന്‍ പോയിട്ടുണ്ട്.. shame!
Content Highlights: Hareesh Vasudevan against Modi on illegal immigrants issue