![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കലൂരില്‍ ഹോട്ടലില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത് ബോയ്‌ലര്‍ പൊട്ടിത്തെറിച്ചെന്ന് പാലാരിവട്ടം സിഐ രൂപേഷ്. അപകടത്തില്‍ മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശി സുമിത്താണ്. അപകടത്തില്‍ സുമിത്തിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ശരീരത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ നാല് പേര്‍ക്ക് സാരമായ പരിക്കേറ്റുവെന്നും സിഐ പറഞ്ഞു.
സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുമെന്നും സിഐ പറഞ്ഞു. ബെര്‍ണറിന് അടുത്ത് നിന്ന ജീവനക്കാര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. അധികം ആളുകള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും സിഐ പറഞ്ഞു.
കലൂര്‍ സ്റ്റേഡിയത്തിലെ 'ഐഡെലി കഫേ'യില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ സുമിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാഗാലാന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡീഷ സ്വദേശി കിരണ്‍ എന്നിവരാണ് പരിക്കേറ്റ നാല് പേര്‍. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേരെ ജനറല്‍ ആശുപത്രിയിലും രണ്ട് പേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തീ മറ്റ് കടകളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. നിലവില്‍ സമീപത്തെ കടകള്‍ അടപ്പിച്ചു. ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ ഹോട്ടലിലെ ചില്ലുകളടക്കം തകര്‍ന്നു. പല സാധനങ്ങള്‍ക്കും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
Content Highlight: Kaloor steamer blast, migrant worker died, four injured